തിരിനന ജലസേചന കൃഷിയുമായി സി.ഡബ്ളിയു.ആർ.ഡി.എമ്മിലെ സയന്റിസ്റ്റ് ഡോ. കമലം ജോസഫ്
കോഴിക്കോട്: രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ടൂറിന് കുടുംബസമേതം വീടു പൂട്ടി പുറപ്പെടുമ്പോൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പൈസസ് ആൻഡ് റിസർച്ചിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ജോൺ സക്കറിയ ഭാര്യയുടെ മുഖത്തേക്കൊന്ന് നോക്കി. പിന്നെ മട്ടുപ്പാവിലേക്കും. ഒന്നും രണ്ടുമല്ല, നൂറ്റി അൻപതോളം ഗ്രോബാഗുകളിലാണ് വിവിധതരം പൂച്ചെടികളും പച്ചക്കറികളുമൊക്കെ മട്ടുപ്പാവിൽ പൂത്തും കായ്ച്ചും നിൽക്കുന്നത്...
സി.ഡബ്ളിയു.ആർ.ഡി.എമ്മിലെ വിജ്ഞാനവ്യാപന പരിശീലന വിഭാഗം മേധാവി ഡോ. കമലം ജോസഫിന് ഭർത്താവിന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായി. കഴിഞ്ഞ വർഷം ഇതേപോലൊരു ടൂറിന് പോയി വരുമ്പോഴേക്ക് ഗ്രോബാഗിലുള്ള ചെടികൾ മുഴുവൻ വാടിയുണങ്ങിപ്പോയിരുന്നു,
കാറിൽ കയറുന്നതിനിടയിൽ അവർ പറഞ്ഞു, ' ആ ചെടികളെയോർത്ത് ടെൻഷനടിക്കേണ്ട. അവയ്ക്കൊക്കെ ഇനി രണ്ടാഴ്ച കഴിഞ്ഞ് വെള്ളമൊഴിച്ചുകൊടുത്താൽ മതി," ഇതെന്ത് മാജിക്കെന്ന് ഡോ. ജോൺ സക്കറിയ അത്ഭുതപ്പെട്ടു. രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചുവരുമ്പോൾ പുതിയ തളിരും പൂക്കളും കായ്കളുമായി ചിരിച്ചുല്ലസിക്കുകയായിരുന്നു ചെടികൾ. ഇതെങ്ങനെയെന്നാവും നിങ്ങളും ആലോചിക്കുന്നത്.
ഗ്രോബാഗിൽ വളർത്തുന്ന ചെടികൾക്ക് എന്നും രാവിലെയും വൈകിട്ടും വെള്ളമൊഴിക്കണം. കൂടുതലായിപ്പോയാൽ ടെറസിലൂടെ ഒഴുകിപ്പരക്കും. ലീക്കാകും. പൂപ്പൽ വരും. ഈ വക പൊല്ലാപ്പുകളൊന്നുമില്ലാതെ സ്വന്തം വീടിന്റെ ടെറസിൽ പരീക്ഷിച്ചു വിജയിച്ച തിരിനന ജലസേചനം കേരളത്തിലെ മുഴുവൻ വീടുകളിലുമെത്തിക്കാനുള്ള ശ്രമത്തിലാണ് ഡോ. കമലം ജോസഫ്. ഇതിന്റെ ഭാഗമായാണ് വേങ്ങേരിയിലെ കാർഷിക കൂട്ടായ്മയായ നിറവിന്റെയും പ്രോവിഡൻസ് വിമെൻസ് കോളേജിലെ എൻ,എസ്.എസ് യൂണിറ്റിന്റെയും സഹകരണത്തോടെ കഴിഞ്ഞ ദിവസം ഇവർ ശില്പശാല സംഘടിപ്പിച്ചത്.
ഉപയോഗശൂന്യമായ ഏതാനും മിനറൽ വാട്ടർ കുപ്പികളും സ്റ്റൗവിലും മറ്റും ഉപയോഗിക്കുന്ന തരം തിരിയും മാത്രം മതി. ഒരു സാധാരണ ഇഷ്ടികയുടെ ഉയരത്തിൽ മുറിച്ചെടുത്ത നാല് മിനറൽ വാട്ടർ കുപ്പികളുടെ മുകളിലാണ് ഗ്രോബാഗ് വയ്ക്കുക. ഗ്രോബാഗിന്റെ അടിയിൽ ഒരു ദ്വാരമിട്ട് അതിലൂടെ ഒരു വിരലിനേക്കാൾ അല്പം കൂടി വണ്ണമുള്ള തിരി ഇറക്കിവയ്ക്കും. എന്നിട്ടാണ് മണ്ണ് നിറയ്ക്കുക. തിരിയുടെ മറ്റേ അറ്റം വെള്ളം നിറച്ച് തറയിൽ കിടത്തിവച്ച മിനറൽ വാട്ടർ കുപ്പിയിലേക്കിറക്കിവയ്ക്കും. കാപ്പിലറി ആക്‌ഷനിലൂടെ കുപ്പിക്കകത്തെ വെള്ളം തിരിയിലൂടെ ഗ്രോബാഗിലെ മണ്ണിലേക്ക് പടരും. മണ്ണിന്റെ ഉപരിതലത്തിലെത്താത്തതിനാൽ ബാഷ്പീകരണം മൂലമുള്ള ജലനഷ്ടവുമുണ്ടാകില്ല. ചെടിക്ക് ആവശ്യമുള്ള വെള്ളം മാത്രമേ വലിച്ചെടുക്കൂ. കയറോ പരുത്തിയോ തുണിയോ ഉപയോഗിച്ച് തിരിയുണ്ടാക്കാമെങ്കിലും ഗ്ലാസ് വൂൾ ഉപയോഗിച്ചാൽ ഒന്നോ രണ്ടോ വർഷം വരെ ഈടുനിൽക്കുമെന്ന് ഡോ. കമലം പറഞ്ഞു.
പ്രോവിഡൻസ് വിമെൻസ് കോളേജിലെ 200 എൻ,എസ്. എസ് വോളന്റിയർമാരാണ് ഈ പുതിയ രീതി പരിശീലിക്കുന്നത്. കോളേജിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ഈ രീതിയിലുള്ള ജലസേചന പദ്ധതി വ്യാപിപ്പിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ നീത പറഞ്ഞു. 'വലിച്ചെറിയുന്ന മിനറൽ വാട്ടർ കുപ്പികൾക്കും ഉപയോഗമായി." എൻ.എസ്.എസ് യൂണിറ്റിന്റെ കോ ഓർഡിനേറ്റർമാരായ ഡോ. സിനിയും ഡോ. ജൂലിയും കൂട്ടിച്ചേർത്തു. ഡോ. കമലം ജോസഫിന്റെ ഫോൺ: 9446483105.
(courtesy: keralakaumudi)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ