ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം
“ലോകത്തിലെ ഓരോ കുട്ടിയും ബോധന പ്രക്രിയയിലൂടെ മലിനീകരണമെന്ന മഹാവിപത്തിനെപ്പറ്റി ബോധാവാനാകണം. പ്രകൃതിയുമായുള്ള മനുഷ്യന്റെ സമന്വയം ബോധനത്തിന്റെ ചെറിയ ചെറിയ കാല്‍വെയ്പ്പുകളിലൂടെയേ പൂര്‍ത്തിയാക്കാനാകൂ. മനുഷ്യന്റെ ഭാവി, ബോധന പ്രക്രിയയുടെ ഒരു പ്രധാന കണ്ണിയാകണം” (സരളാ ബഹന്‍:- Revive our Dying Planet) ജീവന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. നമ്മുടെ വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി ഒരവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ കുറച്ചെങ്കിലും മാറ്റം വരുത്താന്‍ നമുക്കാവുമായിരുന്നു.
പരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരിക്കുകയാണ്. ജെയ്താപൂരിലും കൂടംകുളത്തും ആണവ നിലയം സ്ഥാപിച്ചേ അടങ്ങൂ എന്ന വാശിയിലാണ് നമ്മുടെ ഭരണകൂടം, ചെര്‍ണോബിലും, ത്രീമെന്‍ ഐലന്റും നാം എന്നേ മറന്നുപോയി. എന്നാല്‍ ഫുക്കുഷിമ എത്ര പെട്ടെന്നാണ് നാം മറന്നത്. നമ്മളെക്കാള്‍ സാങ്കേതിക മികവുള്ള ജപ്പാന് പോലും നിയന്ത്രിക്കാനാവാത്ത ഒരു ഊര്‍ജ്ജത്തെ നമുക്ക് പിടിച്ചു കെട്ടാനാവുമെന്ന ചിന്ത അപകടം തന്നെ. അമേരിക്കയോടും ഫ്രാന്‍സിനോടുമുള്ള വിധേയത്വവും, കച്ചവട ഇടപാടും നൂറു കോടി ജനതയുടെ ഭാവി ഇരുട്ടിലാക്കി തന്നെ വേണമെന്നാണോ? ഫ്രഞ്ച് കമ്പനിയായ അരേവക്ക് 1650 മെഗാ വാട്ട് ശേഷിയുള്ള 6 ആണവ നിലയങ്ങള്‍ പണിയാന്‍ കരാറിലൊപ്പിട്ടുകഴിഞ്ഞു.
ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആക്കം കൂട്ടുന്നു. ഓരോ പരിസ്ഥിതി ദിനം കടന്നു പോകുമ്പോളും ആകുലതകള്‍ വര്‍ദ്ധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നാം കേട്ട് കൊണ്ടിരിക്കുന്നു. വലിയ ദുരന്തം തന്നെയാണ് ഫുക്കുഷിമയില്‍ സംഭവിച്ചത്. കാലങ്ങളോളം ആണവ വികിരണം ആ മണ്ണിലും, വായുവിലും, ജലത്തിലും അടിഞ്ഞു കിടന്ന് വരും തലമുറയെ കാര്‍ന്നു തിന്നും. ഇക്കാര്യങ്ങളൊന്നും അറിയാത്തവരല്ല നമ്മെ ഭരിക്കുന്നത് എന്നിട്ടും ജേയ്താപൂരിലെ ആണവ നിലയം വേണമെന്ന് തന്നെ വാശിപിടിക്കുന്നു. ആണവ ആപത്തിനെ മാടി വിളിക്കുന്ന നാം കറുത്ത നാളെയെയിലേക്കാണ് നയിക്കപ്പെടുക.
പലപ്പോഴും പരിസ്ഥിതി ദിനങ്ങള്‍ പോലുള്ള ദിവസങ്ങളെ നാം ആഘോഷമാക്കി മാറ്റാനാണ് ശ്രമിക്കാറ്. എന്നാല്‍ ഈ ദിനത്തെ ഒരു ബോധവല്‍ക്കരണ ദിനമായി ഏറ്റെടുത്ത് പ്രകൃതിയെ മനസ്സിലാക്കാന്‍ ഒരു ശ്രമമാണ് ഉണ്ടാകേണ്ടത്. ഈ പരിസ്ഥിതി ദിനം സാമ്പത്തിക നയങ്ങളില്‍ പരിസ്ഥിതിക്ക് ഊന്നല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെ ആഹ്വാനം ചെയ്യുന്നു, വികസന ജ്വരത്തില്‍ പരിസ്ഥിതിയെ പരിഗണിക്കാതിരുന്നാല്‍ ഉണ്ടാകുന്ന ഗുരുതരമായ പ്രതിസന്ധികളെ തരണം ചെയ്യാന്‍ നമ്മുടെ സാമ്പത്തിക നയങ്ങള്‍ പോരാതെ വരും അതിനാല്‍ വരും കാലം പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ട് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ.
ഇത്തരം കാര്യങ്ങള്‍ ഗൌരവത്തിലെടുക്കാന്‍ അധികപേര്‍ക്കും താല്പര്യമില്ല . പരിസ്ഥിതിയെക്കുറിച്ചു പറയുന്നത് ഒരു ഫാഷനാണെന്നാ ഇപ്പൊ പലരും പറയുന്നത് .(അതും വികസന സംരംഭങ്ങള്‍ക്കിടെ കടന്നു വരുന്ന ഒരു ശല്യം )
മറുപടിഇല്ലാതാക്കൂ