ഗ്രോബാഗ്, ചീരക്കൃഷി
അടുക്കളയിലെയും അടുക്കളത്തോട്ടത്തിലെയും താരമാണ് ചീര. നിരവധി വിറ്റാമിനുകള്‍ അടങ്ങിയ ചീര കൊണ്ടു രുചികരമായ വിവിധ വിഭവങ്ങള്‍ തയാറാക്കാം. സ്ഥല പരിമിധിയുള്ളവര്‍ക്കും ചെറിയ കുടുംബത്തിനും ചീരക്കൃഷി ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗം ഗ്രോബാഗ് തന്നെയാണ്. ഗ്രോബാഗിലെ ചീരക്കൃഷി ഏങ്ങനെ ലാഭകരമാക്കാമെന്നു നോക്കാം.
ഗ്രോബാഗ് തയ്യാറാക്കാം
മേല്‍മണ്ണിനോടൊപ്പം ഗ്രോബാഗില്‍ വായുസഞ്ചാരമുറപ്പാക്കാന്‍ മണ്ണിന്റെ അത്ര അളവില്‍ തന്നെ ചകിരിച്ചോറും അതേ അളവില്‍ ചാണകപ്പൊടിയും ഒരു പിടി വേപ്പിന്‍ പിണ്ണാക്കും അരപ്പിടി എല്ല് പൊടിയും ചേര്‍ത്ത് നന്നായി ഇളക്കണം. നല്ല ഈര്‍പ്പമുള്ള ചാണകപ്പൊടി ചീരക്കൃഷി വിജയിക്കാന്‍ അനിവാര്യമാണ്. പലപ്പോഴും ഉണങ്ങി കരിഞ്ഞ ചാണകപ്പൊടിയാണ് നമ്മുക്ക് ലഭിക്കുക. അധികം ഉണങ്ങിയാല്‍ ചാണകത്തിന് തീരെ ഗുണമുണ്ടാവില്ല. തണലത്തിട്ട് ഉണക്കുന്ന ചാണകപ്പൊടിയാണ് ഏറ്റവും നല്ലത്. ഇങ്ങനെ ഇളക്കി തയ്യാറാക്കിയ നടീല്‍ മിശ്രിതം ഗ്രോബാഗിന്റെ എഴുപത്തി അഞ്ച് ശതമാനം നിറയ്ക്കണം. ആദ്യം രണ്ട് ഗ്രോബാഗുകളില്‍ ചീര വിത്ത് വിതറിയാല്‍ മതി. ഉറുമ്പിന്റെ ശല്യമുണ്ടെങ്കില്‍ ഗ്രോബാഗില്‍ അല്‍പ്പം റവ വിതറിയാല്‍ ഉറുമ്പ് റവയുമായി പോയികൊള്ളും. വിത്ത് വിതറിയതിന് ശേഷം കുറച്ചു കൂടി ചാണകപ്പൊടി വിതറി മുകളില്‍ അല്‍പ്പം വെള്ളം തളിക്കണം. ഒരാഴ്ച്ചകൊണ്ട് തന്നെ ചീര മുളച്ച് വരും.
മാറ്റി നടല്‍
20-25 ദിവസങ്ങള്‍ കൊണ്ട് ചീര നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ഗ്രോബാഗുകളിലേയ്ക്ക് മാറ്റി നടാം. അല്‍പ്പം മണ്ണോടെ വേരു മുറിയാതെ പൊക്കിയെടുത്ത് വേണം നടാന്‍. പച്ചച്ചാണകവും കടലപ്പിണ്ണാക്കുമിട്ട് പുളിപ്പിച്ചതിന്റെ തെളി ഒഴിച്ചാല്‍ ചീര പെട്ടന്നു തഴച്ചു വളരും. നന്നായി പരിപാലിച്ചാല്‍ നട്ട് 35 ദിവസങ്ങള്‍ കൊണ്ട് ആദ്യ വിളവെടുക്കാം. തണ്ടിന്റെ പകുതി വെച്ചു മുറിച്ചു വേണമെടുക്കാന്‍. തുടര്‍ന്ന് താഴെ നിന്ന് കൂടുതല്‍ ശിഖിരങ്ങളും തളിര്‍പ്പുകളും വന്നു നല്ല വിളവ് തരും.
രോഗ – കീട നിയന്ത്രണം
ചീരക്കൃഷിയില്‍ പ്രധാന വില്ലനാണ് ഇലപ്പുള്ളി രോഗം. ഇലകള്‍ പുള്ളി വീണു നശിക്കുന്നതോടെ ചീര ഉപയോഗിക്കാന്‍ പറ്റാത്ത വിധത്തിലാകും. എളുപ്പത്തില്‍ പടരുന്ന ഈ രോഗം കൃഷിയെ പൂര്‍ണമായി നശിപ്പിക്കുകയും ചെയ്യും. ഇലപ്പുള്ളി രോഗത്തിനെതിരേ പ്രയോഗിക്കേണ്ട ജൈവകീടനാശിനികള്‍ ഏതൊക്കെയെന്നു നോക്കാം.
1. ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു ഗ്രാം പാല്‍ക്കായം തലേ ദിവസം രാത്രിയിട്ട് വെയ്ക്കുക. രാവിലെ നന്നായി ഇളക്കി ഇതിലേയ്ക്ക് ഒരു ഗ്രാം സോഡാ പൗഡറും (അപ്പക്കാരം) മൂന്നു ഗ്രാം മഞ്ഞള്‍പ്പൊടിയും കൂട്ടി നന്നായി ഇളക്കി അരിച്ചെടുത്ത് ഇലയുടെ രണ്ട് വശത്തും കിട്ടത്തക്ക രീതിയില്‍ ആഴ്ച്ചയില്‍ ഒരുദിവസം തളിക്കുക.
2. ഒരു കിലോ പുതിയ പച്ചച്ചാണകം (അഞ്ചു മണിക്കൂറിനുള്ളില്‍ കിട്ടിയത് നല്ലത്) എടുത്ത് പത്ത് ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളിയൂറ്റിയെടുക്കണം. അതിന് ശേഷം അന്‍പത് ഗ്രാം മഞ്ഞള്‍പ്പൊടിയും ഒരു ലിറ്റര്‍ ഗോമൂത്രവും ചേര്‍ത്ത് ഇളക്കി അരിച്ചെടുത്ത് ഇലകളുടെ രണ്ട് വശവും തളിക്കണം. ഇത്തരം രീതികള്‍ അവലംബിച്ച് ചീര കൃഷി ലാഭകരമാക്കാം.
[Courtesy: Saife @ Thrissur Whatsap Group]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ