തൃശ്ശൂർ: തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തിലെ ആരാധനാലയങ്ങൾ, അനാഥശാലകൾ, കോൺവെന്റുകൾ, വിവിധ മഠങ്ങൾ എന്നിവിടങ്ങളിലെ കൃഷിയോഗ്യമായ സ്ഥലങ്ങളിൽ ടി.എൻ. പ്രതാപൻ എം പി യുടെ സഹായത്തോടെ ജൈവ പച്ചക്കറി തോട്ടങ്ങൾ ഒരുക്കുന്നു. സ്ഥാപനങ്ങൾക്ക് പുറമേ വനിത - യുവജന കൂട്ടായ്മകൾക്കും പ്രത്യേക പരിഗണന നൽകും. “എംപീസ് ഹരിതം” പദ്ധതി പ്രകാരം ഉൽപ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾക്ക് ഓണക്കാലത്ത് പ്രത്യേക വിപണനകേന്ദ്രങ്ങളും തയ്യാറാക്കുമെന്ന് ടി.എൻ പ്രതാപൻ എംപി അറിയിച്ചു.
കാർഷിക സർവ്വകലാശാല, വി. എഫ്. പി. സി. കെ എന്നിവിടങ്ങളിൽ നിന്നും വാങ്ങിയ വെണ്ട, പയർ, തക്കാളി, വഴുതന, മുളക്, പടവലം, കുമ്പളം, പാവൽ, ചുരയ്ക്ക, ചീര, മത്തൻ, വെള്ളരി, അമര, പയർ, ചതുര പയർ തുടങ്ങിയ പതിനാലിനം വിത്തുകളാണ് സൗജന്യമായിനൽകുന്നത്.
കൃഷി വകുപ്പിൽ നിന്നും വിരമിച്ച വി. എസ് റോയിയുടെ നേതൃത്വത്തിൽ മികച്ച ഉദ്യോഗസ്ഥരും, കൃഷി ശാസ്ത്രഞ്ജരും, അനുഭവ പാരമ്പര്യമുള്ള കർഷകരും നല്ല നിലയിൽ ജൈവ പച്ചക്കറിതോട്ടങ്ങൾ പരിപാലിക്കുന്നതിന് ആവശ്യമായ ശാസ്ത്ര-സാങ്കേതിക ഉപദേശങ്ങൾ നൽകും. ഇതിനായി “എംപീസ്സ് ഹരിതം” ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ട്. ബ്ലോക്ക്, മണ്ഡലം തലത്തിൽ പ്രത്യേക മേൽനോട്ട സമിതികൾ രൂപികരിക്കും. പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ പ്രദേശങ്ങളിലും, നിയമ സഭ മണ്ഡല അടിസ്ഥാനത്തിലും മികച്ച വിളവെടുപ്പ് നടത്തുന്ന ജൈവ പച്ചക്കറി തോട്ടങ്ങൾക്ക് എംപീസ്സ് ഹരിത പുരസ്ക്കാരങ്ങൾ നൽകും.“എംപീസ്സ് ഹരിതം” പദ്ധതിയിൽ അംഗമാകുവാൻ 0487-2386717 എന്ന നമ്പരിൽ തൃശ്ശൂർ അയ്യന്തോൾ ചുങ്കത്തുള്ള എംപി ഓഫീസിൽ പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നും യോഗ്യരായവരെ തിരഞ്ഞെടുക്കും.
ടി.എൻ പ്രതാപൻ എം പി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ