പെരിന്തൽമണ്ണ: ദേശീയ-സംസ്ഥാന പാതകളുൾപ്പെടെ വികസിപ്പിക്കുമ്പോൾ മുറിച്ചുനീക്കുന്നവയ്ക്ക് പകരം മരത്തൈകൾ നട്ടുപിടിപ്പിക്കണമെന്ന ഉത്തരവ് ജില്ലയിൽ കർശനമാക്കി സാമൂഹിക വനവത്കരണവിഭാഗം. കേന്ദ്രസർക്കാർ മാർഗനിർദേശത്തെ തുടർന്ന് 2010-ൽ സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവാണ് കർശനമാക്കുന്നത്. ഒരു മരം മുറിച്ചാൽ പകരമായി പാതയോരത്തോ മറ്റെവിടെയെങ്കിലുമോ പത്ത് മരങ്ങൾ വെച്ചുപിടിപ്പിക്കണം. ഇക്കാര്യംകൂടി ഉൾപ്പെടുത്തിവേണം നിർമാണക്കരാർ. വർഷങ്ങളായുള്ള ഉത്തരവ് കരാറുകാർ പലപ്പോഴും പാലിക്കാതെ വന്നതോടെയാണ് തീരുമാനം.
റോഡ് വികസനത്തിന്റെ ഭാഗമായി വർഷങ്ങൾ പഴക്കമുള്ള മരങ്ങളാണ് ഇല്ലാതാവുന്നത്. ഉത്തരവ് കർശനമാക്കുന്നതോടെ പകരം മരങ്ങളുണ്ടാകും. പകരം മരങ്ങൾ നടുന്നകാര്യം സാമൂഹിക വനവത്കരണ വിഭാഗത്തെ അറിയിക്കണം. തുടർന്ന് വെച്ചുപിടിപ്പിച്ചവ ബോധ്യപ്പെടുത്തുകയും പരിചരണത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്ന് മലപ്പുറം സാമൂഹിക വനവത്കരണ വിഭാഗം ഡെപ്യൂട്ടി കൺസർവേറ്റർ വി. സജികുമാർ പറഞ്ഞു. പകരം നടാനുള്ള തൈകൾ നൽകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് മരങ്ങളിൽ കൂടുതൽ മുറിക്കുന്നുണ്ടെങ്കിലാണ് പകരം നടേണ്ടത്.
റോഡ് വികസനവും മറ്റും വരുമ്പോൾ ഇതിൽക്കൂടുതൽ മരങ്ങൾ മുറിക്കേണ്ടിവരുന്നുണ്ട്. പകരം മരം നട്ടുപിടിപ്പിക്കാമെന്ന ധാരണാപത്രം കരാറുകാർ ഒപ്പിട്ടുനൽകിയെങ്കിൽ മാത്രമേ നിലവിലുള്ള മരം മുറിക്കുന്നതിന് അനുമതി നൽകൂ. പെരുമ്പിലാവ്-നിലമ്പൂർ ദേശീയപാതയിലെ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള 39 കിലോമീറ്ററിലെ നവീകരണത്തിന്റെ ഭാഗമായി 530 മരങ്ങളാണ് മുറിക്കേണ്ടത്. പകരം 5300 തൈകൾ വെച്ചുപിടിപ്പിക്കുന്നത് സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ട് നൽകാത്തതിനാൽ മരം മുറിക്കുന്നതിന് അനുമതി നൽകിയിട്ടില്ല. ഇത്രയുംമരങ്ങൾ എവിടെ വെക്കുമെന്നത് നിർമാണച്ചുമതലയുള്ള കെ.എസ്.ടി.പി. അധികൃതരെയും കുഴയ്ക്കുന്നു.
» പാതയോരത്തെ മരങ്ങളെ ഏഴുമീറ്ററിൽ കൂടുതൽ ഉയരാൻ അനുവദിക്കരുത്. കൂടിയാൽ ഉയരം കുറയ്ക്കണം. (കാറ്റിലും മറ്റും കടപുഴകി റോഡിലേക്ക് വീണുള്ള അപകടങ്ങൾ ഒഴിവാക്കാനാകും).
» ഓരോ മരങ്ങളും തമ്മിലുള്ള അകലം ചുരുങ്ങിയത് എട്ട് മീറ്റർ വേണം. (ഇടമുറിയാതെയുള്ള തണൽ ലഭിക്കാനും മരങ്ങളുടെ വളർച്ചക്കും സഹായകമാകും).
» റോഡരികിലെ നടപ്പാതയിൽനിന്ന് ചുരുങ്ങിയത് രണ്ട് മീറ്ററെങ്കിലും മാറി മാത്രമേ മരങ്ങൾ വെക്കാവൂ. ഇല പൊഴിയുന്നവയല്ലാതെ നിത്യഹരിത മരങ്ങൾ വെച്ചുപിടിപ്പിക്കുക. (വേനൽക്കാലത്തും തണൽ ലഭ്യമാകും).
» മരങ്ങളുടെ പരിപാലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും ഏറ്റെടുക്കാം.
» ദേശീയപാതയിലും മറ്റും റോഡിന്റെ ഡിവൈഡറുകളിൽ നടുന്ന മരങ്ങൾ അഞ്ചുമീറ്റർ ഉയരത്തിൽ നിർത്തുക. അകലവും അഞ്ച് മീറ്ററാകണം. എതിരേയുള്ള വാഹനത്തിന്റെ വെളിച്ചം കണ്ണിലടിക്കാതെ തടയാനും ശബ്ദ-വായു മലിനീകരണവും കുറയ്ക്കാനുമാകും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ