തൃശ്ശൂര്‍: വളര്‍ത്തുമൃഗങ്ങളുടെ അസുഖങ്ങള്‍ക്ക് പരിഹാരം കാണാനും മൃഗപരിപാലനത്തിലെ സംശയങ്ങള്‍ക്ക് മറുപടി ലഭിക്കാനും ഇനി ഒറ്റ സാങ്കേതികവിദ്യ. വെറ്ററിനറി സര്‍വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്ടറേറ്റ് വികസിപ്പിച്ചെടുത്ത ഇ-വെറ്റ്കണക്ട് എന്ന സേവനസംവിധാനത്തിലൂടെയാണ് വിവിധ ആവശ്യങ്ങള്‍ക്ക് ഏകീകൃതമായ പരിഹാരം കാണുന്നത്. മൃഗസംരക്ഷണരംഗത്തെ ശാസ്ത്രീയ പ്രജനനം, തീറ്റക്രമം, പരിചരണം, രോഗനിയന്ത്രണമാര്‍ഗ്ഗങ്ങള്‍, വിപണനം, ലഭ്യമായ സേവനങ്ങള്‍ എന്നിവയെപ്പറ്റി കര്‍ഷകര്‍, തൊഴില്‍ സംരംഭകര്‍, സ്വാശ്രയസംഘങ്ങള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഇ-വെറ്റ്കണക്ടിലൂടെ അറിയാനാകും.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററാണ് ഇ-വെറ്റ്കണക്ടിന്റെ അടിസ്ഥാനം. സര്‍വകലാശാലയുടെ മണ്ണുത്തി സെന്ററിലാണ് ഇ-വെറ്റ്കണക്ട് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 0487 2238055 ആണ് കോള്‍ സെന്ററിന്റെ ടോള്‍ ഫ്രീ നമ്പര്‍. അടിയന്തര മൃഗചികിത്സയ്ക്കുള്ള സൗകര്യം എളുപ്പമാക്കുന്നത് ഇ-വെറ്റ്കണക്ടിന്റെ പ്രധാന പ്രവര്‍ത്തനമാണ്. ഇതിനായി വെറ്റ്കണക്ടിന്റെ പ്രത്യേക ആംബുലന്‍സ് ആവശ്യമുള്ളവരിലേക്കെത്തും. ആസ്പത്രികളുടെ പ്രവൃത്തി സമയത്തിനു ശേഷം വൈകീട്ട് നാലു മുതല്‍ രാത്രി 12 മണി വരെയാണ് സേവനം. ആദ്യഘട്ടത്തില്‍ തൃശ്ശൂര്‍, ഒല്ലൂര്‍, കല്‍പ്പറ്റ നിയോജകമണ്ഡലങ്ങളിലാണ് സേവനം ലഭ്യമാക്കുന്നത്.
അടിയന്തരചികിത്സ കൂടാതെ മേഖലയിലെ ഏറ്റവും പുതിയ വിവരങ്ങള്‍ എത്തിക്കാനുള്ള നോളജ് പോര്‍ട്ടല്‍, മൃഗസംരക്ഷണത്തെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ലഭിക്കുന്ന വെറ്റിപീഡിയ, രോഗങ്ങളെയും രോഗബാധയെക്കുറിച്ചും അറിയാനുള്ള ഡിസീസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ആസ്പത്രികള്‍ക്കുള്ള ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, കൃത്രിമ ബീജാദാന സെന്റര്‍ മാനേജ്‌മെന്റ് തുടങ്ങിയവയും ഇ-വെറ്റ്കണക്ടില്‍ ക്രമീകരിച്ചിരിക്കുന്നു. ഇതോടൊപ്പം മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകള്‍, മൃഗചികിത്സാരംഗത്തെ പുതിയ കേസുകള്‍, പരിഹാരം, രോഗം-ചികിത്സ-മുന്‍കരുതല്‍ തുടങ്ങി ആവശ്യമനുസരിച്ചുള്ള ഉത്തരങ്ങള്‍ കോള്‍ സെന്ററിലൂടെ നല്‍കും.
ഇ-വെറ്റ്കണക്ടിനായുള്ള വെറ്റ്കണക്ട് സോഫ്റ്റ്്വെയര്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള മൃഗാസ്പത്രികള്‍, ഇ-വെറ്റ്കണക്ട് സെന്റുകള്‍, മൊബൈല്‍ വെറ്ററിനറി സര്‍വീസുകള്‍, അഡ്വൈസറി േകാള്‍ സെന്റുകള്‍, വെബ് േപാര്‍ട്ടല്‍ തുടങ്ങിയവയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കെല്‍ട്രോണാണ് സോഫ്‌റ്റ്വെയര്‍ രൂപപ്പെടുത്തിയത്. www.evetconnect.org എന്ന പോര്‍ട്ടലില്‍ വിവരങ്ങള്‍ ലഭ്യമാക്കും.
സംസ്ഥാനത്തെ 53 ബ്ലോക്കുകളിലേക്കും സേവനം വ്യാപിപ്പിക്കും. കൂടാതെ ക്ഷീര സഹകരണസംഘങ്ങളുമായും സഹകരിക്കും. ഇ-വെറ്റ്കണക്ട് ദേശീയതലത്തിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് വെറ്ററിനറി സര്‍വകലാശാല എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്ടര്‍ ഡോ. ടി.പി സേതുമാധവന്‍ പറഞ്ഞു. ഡോ.സി.ബി. ദേവാനന്ദ് ആണ് പദ്ധതിയുടെ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍. സപ്തംബര്‍ ഏഴിന് ഇ-വെറ്റ്കണക്ടിന് ഔദ്യോഗിക തുടക്കമാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ