ഭൂമുഖത്ത് 700 കോടിയിലേറെ മനുഷ്യരുണ്ടെന്ന് അറിയാം. എന്നാല്‍, ഭൂമിയിലെത്ര മരങ്ങളുണ്ടെന്ന് അറിയാമോ? പുതിയൊരു കണക്കെടുപ്പ് വെളിപ്പെടുത്തുന്നത് ഇങ്ങനെ: ഭൂമിയില്‍ മൊത്തം മൂന്നുലക്ഷം കോടി (3 ട്രില്യണ്‍) മരങ്ങളുണ്ട്!
മുമ്പ് കണക്കാക്കിയതിലും എട്ടുമടങ്ങ് കൂടുതലാണ് വൃക്ഷങ്ങളുടെ ഇപ്പോഴത്തെ കണക്ക്. 40,000 കോടി മരങ്ങള്‍ ഭൂമിയിലുണ്ടെന്നാണായിരുന്നു ഇതിന് മുമ്പ് നടത്തിയ കണക്കെടുപ്പില്‍ കണ്ടത്.
വനനശീകരണത്തിന്റെ ഫലമായി വര്‍ഷംതോറും 1500 കോടി മരങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന്നേച്ചറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
ഇപ്പോഴത്തെ കണക്ക് പ്രകാരം, ഭൂമിയിലുള്ള ഓരോ മനുഷ്യനും 420 മരങ്ങള്‍ വീതമുണ്ടെന്ന്, പഠനസംഘം 'നേച്ചര്‍' ജേര്‍ണലിനോട് പറഞ്ഞു. വ്യത്യസ്തമായ ഗവേഷണ സങ്കേതങ്ങളുടെ സഹായത്തോടെയാണ് പുതിയ കണക്ക് രൂപപ്പെടുത്തിയതെന്നും അവര്‍ അറിയിച്ചു.
ആവാസവ്യവസ്ഥകള്‍, ജൈവവൈവിധ്യമേഖലകള്‍, കാലാവസ്ഥാവ്യതിയാനം എന്നിങ്ങനെ ഒട്ടേറെ വ്യത്യസ്ത മേഖലകളില്‍ നടന്ന പഠനങ്ങളും കണക്കുകളും ഗവേഷകര്‍ ഉപയോഗിച്ചു.
ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം മൂലം അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങളില്‍ നല്ലൊരു പങ്ക് ആഗിരണം ചെയ്യുന്നതില്‍ മരങ്ങള്‍ക്കും വനങ്ങള്‍ക്കും പ്രധാന പങ്കാണുള്ളത്. അതിനാല്‍, ആഗോളതാപനം മൂലമുള്ള കാലാവസ്ഥാവ്യതിയാനത്തില്‍ മരങ്ങളുടെ പങ്ക് വലുതാണ്. ആ അര്‍ഥത്തില്‍ പുതിയ പഠനം പ്രധാന്യമര്‍ഹിക്കുന്നു.
ലോകത്തെ വനസംവിധാനത്തിന്റെ അവസ്ഥയെന്താണെന്ന് ഈ സംഖ്യയിലൂടെ ആളുകള്‍ക്ക് മനസിലാക്കി കൊടുക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും നയങ്ങള്‍ രൂപീകരിക്കുന്നവര്‍ക്കും ഈ കണക്ക് ഉപയോഗിക്കാന്‍ കഴിയും-തോമസ് ക്രൗതര്‍ പറഞ്ഞു.
ഉപഗ്രഹവിവരങ്ങള്‍ക്കൊപ്പം ഭൂപ്രതലത്തില്‍നിന്ന് നേരിട്ട് ശേഖരിച്ച വലിയൊരു പങ്ക് ഡേറ്റ, മരങ്ങളുടെ എണ്ണം നിര്‍ണയിക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്. ലോകത്തെ നാലുലക്ഷം വ്യത്യസ്ത വനകേന്ദ്രങ്ങളില്‍നിന്ന് വൃക്ഷസാന്ദ്രത ഇതിനായി ശേഖരിച്ചു. ഒപ്പം മുമ്പ് നടന്ന ബന്ധപ്പെട്ട പഠനങ്ങളുടെ ഫലങ്ങളും ഉപയോഗിച്ചു.
അതുപ്രകാരം ക്രൗതറും സംഘവുമെത്തിയ നിഗമനം ഇതാണ് -ലോകത്താകെ 3,040,000,000,000 വൃക്ഷങ്ങളുണ്ട്. ഇതില്‍ 1.36 ട്രില്യണ്‍ മരങ്ങള്‍ ഭൂമുഖത്തെ ഉഷ്ണമേഖല, അര്‍ധ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് വളരുന്നത്. ടെംപറേറ്റ് മേഖലയില്‍ 0.61 ട്രില്യണ്‍ മരങ്ങളുണ്ട്.
ഈ പുതിയ കണക്കിന്റെ സഹായത്തോടെ, സമീപചരിത്രത്തില്‍ ഭൂമിയില്‍നിന്ന് എത്ര മരങ്ങള്‍ വെട്ടിമാറ്റപ്പെട്ടു എന്നതും കണക്കാക്കാമെന്ന്, പഠനത്തിലുള്‍പ്പെട്ട ഡോ.ഹെന്‍ട്രി ഗ്ലിക്ക് പറഞ്ഞു. 11,000 വര്‍ഷം മുമ്പുണ്ടായ ഒടുവിലത്തെ ഹിമയുഗത്തിന് ശേഷം മൂന്നുലക്ഷം കോടി മരങ്ങള്‍ മുറിച്ചുമാറ്റിയിട്ടുണ്ടാകാമെന്ന് ഗവേഷകര്‍ പറയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ