സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് ഉയര്‍ന്ന് ശമ്പളം തേടി സ്വകാര്യമേഖലയില്‍ ജോലിക്ക് പോയ പലരെയും കണ്ടിട്ടുണ്ട്. എന്നാല്‍ സുരക്ഷിതമായ സര്‍ക്കാര്‍ ജോലിയും സ്ഥിരവരുമാനവുംവിട്ട് കൃഷി ചെയ്യാനിറങ്ങുന്നവരെക്കുറിച്ച് കേള്‍ക്കാറെയില്ല.
ഇതാ അങ്ങനെ ഒരാള്‍, സര്‍ക്കാര്‍ എന്‍ജിനിയര്‍ ജോലി ഉപേക്ഷിച്ച് കൃഷി ചെയ്ത് കോടീശ്വരനായിരിക്കുന്നു.
രാജസ്ഥാനിലെ ജയ്സാല്‍മറിലെ മുനിസിപ്പല്‍ കൗണ്‍സിലില്‍ ജൂനിയര്‍ എന്‍ജിനിയറായിരുന്ന ഹരീഷ് ധന്‍ദേവിന് കൃഷിയോട് തോന്നിയ ഇഷ്ടം അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.
തിരക്കേറിയ ജോലിക്കിടെ ഡല്‍ഹിയില്‍ നടന്ന ഒരു കാര്‍ഷിക എക്സ്പോ സന്ദര്‍ശിക്കാനിടയായതാണ് ഹരീഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.
എക്സ്‌പോയില്‍കണ്ട യുവകര്‍ഷകരുടെ നേട്ടവും കൃഷിയിലെ നൂതനമാര്‍ഗങ്ങളെക്കുറിച്ചുളള അറിവും, ഹരീഷിന് പണ്ടുമുതലെ കൃഷിയോടുളള താത്പര്യത്തിന് ഊര്‍ജ്ജം നല്‍കി.
കുടുംബ പാരമ്പര്യവും പണ്ട് മുതലെ കൃഷിയോടുളള കമ്പവുമാണ് ഹരീഷിനെ കൃഷിയിലേയ്ക്ക് എടുത്തുചാടാന്‍ പ്രേരിപ്പിച്ചത്.
അധികമൊന്നും ആലോചിച്ചില്ല ജോലി ഉപേക്ഷിക്കാന്‍! തന്റെ 120 ഏക്കര്‍ കൃഷിയിടത്തില്‍ കൃഷി തുടങ്ങാന്‍ തീരുമാനിച്ചു. ജയ്സാല്‍മറിലെ മരുഭൂമി സദൃശ്യമായ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ വിള തിരഞ്ഞെടുക്കലായിരുന്നു ഹരീഷിന്റെ മുന്നിലെ വെല്ലുവിളി.
ഗോതമ്പ്, ചെറുപയര്‍, ചോളം എന്നിവയായിരുന്നു ജയ്സാല്‍മറിലെ കൃഷിക്കാര്‍ പ്രധാനമായും കൃഷി ചെയ്തിരുന്നത്. എന്നാല്‍ അല്പം വ്യത്യസ്തതയോടെ കറ്റാര്‍ വാഴ (അലോവേര) കൃഷി ചെയ്യാനായിരുന്നു ഹരീഷിന്റെ തീരുമാനം.
ഈ തീരുമാനത്തിന് പിറകിലുമുണ്ടായിരുന്നു വ്യത്യസ്തമായ ഒരു കാരണം. പൊതുവെ വരണ്ട പ്രദേശങ്ങളിലാണ് കറ്റാര്‍ വാഴ വളരാറുളളത്. ഇത് കൂടാതെ മരുഭൂമിയില്‍ നട്ടുണ്ടാക്കുന്ന കറ്റാര്‍വാഴയ്ക്ക് മികച്ച ഗുണമേന്മയുണ്ടാകുമെന്ന അറിവും അദ്ദേഹത്തിന് ഗുണകരമായി.
ബ്രസീല്‍, ഹോങ്കോങ്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നല്ല ഡിമാന്റുളള ബേബി ഡെന്‍സിസി വിഭാഗത്തില്‍പ്പെടുന്ന കറ്റാര്‍ വാഴ കൃഷിചെയ്യാനായിരുന്നു ഹരീഷിന്റെ തീരുമാനം.
ആദ്യഘട്ടത്തില്‍ ലഭ്യമായ 80,000 തൈകളാണ് ഹരീഷ് തന്റെ കൃഷിയിടത്തില്‍ നട്ടത്. പിന്നീട് 7 ലക്ഷത്തോളം തൈകള്‍ വിവിധ ഘട്ടങ്ങളിലായി ഹരീഷ് കൃഷിയിടത്തില്‍ മുളപ്പിച്ചു.
പരീക്ഷണം വന്‍ വിജയമായി. തുടര്‍ന്ന് ജയ്സാല്‍മറില്‍ നാച്വറലോ അഗ്രോ എന്ന കമ്പനിയും ഹരീഷ് സ്ഥാപിച്ചു. ഹരീഷിന്റെ കൃഷിയിടത്തില്‍ വിളവെടുക്കുന്ന കറ്റാര്‍വാഴയുടെ ഗുണമേന്മ അങ്ങനെ രാജ്യമൊട്ടാകെ പ്രചരിച്ചു.
അതിനിടെയാണ് പതഞ്ജലിയുടെ ഉത്പാദകര്‍ ഹരീഷിനെ തേടിയെത്തിയത്. അവരുടെ വിവിധ ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി ഹരീഷിന്റെ കൃഷിയിടത്തെ കറ്റാര്‍വാഴയ്ക്കായി ഓര്‍ഡര്‍ നല്‍കി.
പതഞ്ജലി ഉത്പന്നങ്ങള്‍ക്കായും ഹരീഷ് കറ്റാര്‍വാഴ വിതരണം ചെയ്യാന്‍ തുടങ്ങി. 125 മുതല്‍ 150 ടണ്ണോളം കറ്റാര്‍ വാഴയാണ് ഉത്തരാഖണ്ഡിലെ പതഞ്ജലി ഫാക്ടറിയിലേക്ക് കമ്പനി ഇതുവരെ നല്‍കിയത്.
കഠിനാധ്വാനവും അര്‍പ്പണബോധവും മുതല്‍ക്കൂട്ടായ യുവകര്‍ഷകനായ ഹരീഷിന്റെ നിലവിലെ വാര്‍ഷിക വരുമാനം 2 കോടി രൂപയാണ്. ജീവിതത്തില്‍ വെല്ലുവിളിയും ആത്മാര്‍ത്ഥതയും സമ്മാനിച്ച മുതല്‍ക്കൂട്ട്.
കൂടുതൽ സംരഭക വിശേഷങ്ങൾക്ക്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ