തൊടുപുഴ: അരക്കിലോമുതല്‍ ടണ്‍കണക്കിന് പച്ചക്കറികള്‍വരെ വാങ്ങാനും വില്‍ക്കാനും അവസരമൊരുക്കുന്ന വെബ്‌പോര്‍ട്ടലുമായി യുവസംരംഭകര്‍. www.entekrishi.com എന്ന വെബ്‌പോര്‍ട്ടല്‍ തുറന്നാല്‍ കര്‍ഷകര്‍ക്കും ഭക്ഷ്യോത്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്കും നേരിട്ട് ഇടപെടാം.
തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എക്‌സ്‌ടെക്ക് ഐ.ടി. സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പുതിയ പോര്‍ട്ടലിന് രൂപംകൊടുത്തിരിക്കുന്നത്.
ഐ.ടി. രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ളവരും കര്‍ഷകരുമായി 11 പേരടങ്ങുന്ന സംഘമാണ് കമ്പനിയുടെ നേതൃനിരയിലുള്ളത്. വീട്ടുമുറ്റത്തും ടെറസിലും നട്ടുവളര്‍ത്തിയ പച്ചക്കറികള്‍ വീട്ടാവശ്യത്തിനുശേഷം മിച്ചംവരുന്നതു പതിവായപ്പോഴാണ്, സംഘാംഗമായ തൊടുപുഴ സ്വദേശി ജയ്‌സണ്‍ ജെ. ഇളയിടം വെബ്‌പോര്‍ട്ടലിനെക്കുറിച്ച് ആലോചിച്ചത്. സുഹൃത്തുക്കളുടെ സഹായത്തോടെ ആറുമാസം മുമ്പാണ് പദ്ധതി ആരംഭിച്ചത്. കര്‍ഷകന്റെ പേര്, വിളയുടെ ചിത്രം, വില, മൊബൈല്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവ സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കും. ആവശ്യക്കാര്‍ക്ക് കര്‍ഷകരുമായി നേരിട്ട് ബന്ധപ്പെടാം. ജില്ലകള്‍ തിരിച്ചാണ് കര്‍ഷകരെ രജിസ്റ്റര്‍ചെയ്യുന്നത്. അതിനാല്‍ തൊട്ടടുത്തുള്ള കര്‍ഷകരുമായി ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാം. ഡിസംബര്‍ 27നാണ് പോര്‍ട്ടല്‍ തുറന്നത്. ഇതുവരെ അറുനൂറിലധികം കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫേസ്ബുക്കില്‍ 2500ഓളം ലൈക്കും പോര്‍ട്ടല്‍ നേടി. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.
അരുണ്‍ ആര്‍., ധന്യ ശ്യാം, കിരണ്‍ കൃഷ്ണന്‍, ഗോകുല്‍ ഗോപാല്‍, ജോസ്‌മോന്‍ ഫ്രാന്‍സിസ്, റോയ്‌മോന്‍ പൈലി, ജയകുമാര്‍ വി.കെ., അജോമോന്‍, അനീഷ് ശശി, സജീവ് ഫിലിപ്പ് എന്നിവരാണ് സംരംഭത്തിനുപിന്നില്‍.
പഴങ്ങള്‍, ഔഷധച്ചെടികള്‍, പൂച്ചെടികള്‍, വിത്തുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പൂക്കള്‍ എന്നിവയ്ക്കും പോര്‍ട്ടലില്‍ ഇടമുണ്ട്.
ജൈവകൃഷിയെയും കുടുംബകൃഷിയെയും പ്രോത്സാഹിപ്പിക്കുകയെന്നതാണ് പോര്‍ട്ടലിന്റെ ലക്ഷ്യം.
ഉത്പന്നങ്ങള്‍ വാങ്ങിയവര്‍ക്ക് ഗുണനിലവാരത്തെക്കുറിച്ച് രേഖപ്പെടുത്താനും പ്രത്യേകം ഇടമുണ്ട്. ഇതിലൂടെ ഓരോ കര്‍ഷകനും റേറ്റിങ്ങും നല്‍കും. ഇതുവഴി മികച്ച ഗുണമേന്മയുള്ള കര്‍ഷകരുടെ ഉത്പന്നങ്ങള്‍ കണ്ടെത്തി വാങ്ങാനും ആവശ്യക്കാര്‍ക്കു കഴിയും. ഉത്പന്നങ്ങളുടെ ഗുണമേന്മയും ശുദ്ധിയും ഉറപ്പുവരുത്താന്‍ ജൈവസര്‍ട്ടിഫിക്കറ്റുകൂടി പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിക്കാനും നടപടികള്‍ സ്വീകരിക്കുമെന്ന് ജെയ്‌സണ്‍ ജെ. ഇളയിടം പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ