ടൈക്കോഡര്‍മ, സ്യൂഡോമോണാസ്
മണ്ണില്‍ കാണുന്ന ചിലയിനം കുമിളുകള്‍ രോഗകാരികളായ മറ്റു കുമിളുകളെ നശിപ്പിക്കാന്‍ കഴിവുള്ളവയാണ്. ടൈക്കോഡര്‍മ, സ്യൂഡോമോണാസ് എന്നിവ ഇതില്‍പ്പെട്ടതാണ്. ജൈവരീതിയില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ സഹായകരമായ ഈ കുമിള്‍ നാശിനികള്‍ ഉപയോഗിക്കേണ്ട വിധം പരിശോധിക്കാം.
1. ടൈക്കോഡര്‍മ
കുരുമുളകിന്റെ ദ്രുതവാട്ടം, പച്ചക്കറി തൈകളുടെ വേര് അഴുകല്‍ തുടങ്ങി ഫൈറ്റോഫ്‌തോറ, പിത്തിയം തുടങ്ങിയ കുമിളുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ടൈക്കോഡര്‍മയെ ജൈവ വളത്തില്‍ വളര്‍ത്തിയെടുത്ത് ഉപയോഗിക്കാം. അതിനായി 45 കിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയില്‍ 5 കിലോ വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്തിളക്കി അതില്‍ ഒരു കിലോ ഗുണമേന്മയുള്ള ട്രൈക്കോഡര്‍മ ചേര്‍ത്തിളക്കി നനച്ച്, നനഞ്ഞ തുണി / ചാക്ക് / വാഴയില ഇട്ട് മൂടി ഒരാഴ്ച തണലില്‍ കൂട്ടിയിടുക. പച്ച നിറത്തില്‍ കുമിള്‍ വളര്‍ന്നു കഴിഞ്ഞാല്‍ കിളച്ചിളക്കി നിറച്ചു വീണ്ടും ഒരാഴ്ച കൂട്ടിയിടുക. ഇത് 10 കിലോ ജൈവ വളത്തില്‍ ഒരു കിലോ തോതില്‍ ചേര്‍ത്തുപയോഗിക്കാം. രാസവളം, കുമ്മായം ചാരം എന്നിവയോടൊപ്പമിതു ചേര്‍ക്കരുത്. രാസവളം, കീടനാശിനികള്‍ എന്നിവ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ 15 ദിവസം കഴിഞ്ഞു മാത്രമേ ജൈവകുമിള്‍ നാശിനികള്‍ ഉപയോഗിക്കാവൂ. മണ്ണില്‍ ഈര്‍പ്പവും ദൈവാംശവും ഉണ്ടായിരിക്കണം. നേരിട്ടുള്ള വെയില്‍ കൊള്ളാതെ പുതയിടുന്നത് നല്ലതാണ്. 3 വര്‍ഷം ഇടര്‍ച്ചയായി ഉപയോഗിച്ചാല്‍ മണ്ണിനും വിളകള്‍ക്കുമേറെ ഗുണം ലഭിക്കും.
സ്യൂഡോമോണാസ്
പലതരം കുമിളുകളെ നശിപ്പിക്കാന്‍ കഴിവുള്ള ബാക്റ്റീരിയയാണിത്. ചെടികളുടെ മൊത്തത്തിലുള്ള വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ബാക്റ്റീരിയ നാശിനിയായും നിമാവിരകള്‍ക്കെതിരെയും മണ്ണിലെ ഫോസ്ഫറസിനെ ലയിപ്പിക്കുന്നതിനും ഇതിനു കഴിവുണ്ട്. ഇലയില്‍ തളിക്കുകയും മണ്ണില്‍ നേരിട്ട് കൊടുക്കുകയും ചെയ്യാം. വിത്തില്‍ പുരട്ടിയും പേരില്‍ മുക്കിയും നേരിട്ടും ഉപയോഗിക്കാം. നേരിട്ട് വെയില്‍ അടിക്കരുത്. രാസവളം, കുമിള്‍നാശിനി, ബ്ലീച്ചിംഗ് പൗഡര്‍ തുടങ്ങിയവയൊന്നും സ്യൂഡോമോണാസിനൊപ്പം ഉപയോഗിക്കരുത്. മണ്ണില്‍ ജൈവാംശം, ഈര്‍പ്പം എന്നിവ ഉണ്ടായിരിക്കണം.
വിത്തില്‍ പുരട്ടല്‍: ഒരു കിലോ വിത്തിന് 10 ഗ്രാം തോതില്‍ 250 മില്ലി കഞ്ഞി വെള്ളം ചേര്‍ത്തു കുഴച്ചു വിത്തിട്ട് 15 മിനുട്ട് വച്ച ശേഷം 30 മിനുട്ട് തണലില്‍ സൂക്ഷിച്ച് നടാം.
വേരില്‍ പുരട്ടല്‍: 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ കലക്കി 30 മിനുട്ട് വേരു മുക്കിവച്ച ശേഷം നടുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ