വാഴപ്പഴം, വാഴയില, വാഴക്കൂമ്പ് - ഏറിയാൽ വാഴപ്പിണ്ടി. വാഴയുടെ ഉപയോഗ സാധ്യതകളെപ്പറ്റി ഇതിൽക്കവിഞ്ഞ് സാധാരണയായി നമ്മൾ ചിന്തിക്കാറില്ല. കുല വെട്ടിയെടുത്തു കഴിഞ്ഞാൽ ഒന്നുകിൽ വാഴത്തട തോട്ടത്തിൽത്തന്നെ അതേപടി നിലനിർത്തും. അല്ലെങ്കിൽ വെട്ടിനുറുക്കി ജൈവവളമാക്കി മാറ്റും. ഇതിൽ ആദ്യത്തെ രീതി വാഴയെ ആക്രമിക്കുന്ന ധാരാളം കീടങ്ങളെയും രോഗാണുക്കളെയും വാഴത്തോട്ടത്തിലേക്ക് ആകർഷിക്കാൻ ഇടയാക്കുകയും ചെയ്യും. എന്നാൽ വളരെ ലളിതമായ സംസ്കരണ രീതിയിലൂടെ വാഴത്തടയിൽ നിന്നും വാഴനാരെടുക്കാൻ നമ്മൾ താത്പര്യം കാണിച്ചാൽ വാഴയിൽ നിന്നും നമുക്ക് കനകം കൊയ്യാം.
വാഴനാര് കൊണ്ടുള്ള കര കൗശല വസ്തുക്കൾക്കും നിത്യോപയോഗ വസ്തുക്കൾക്കും വിദേശങ്ങളിൽ ആവശ്യക്കാരേറെയാണ്. വാഴനാരു കൊണ്ടുണ്ടാക്കിയ തൊപ്പി, പൂക്കുടകൾ , ഷോപ്പർ ബാഗുകൾ, സ്യൂട് കേസുകൾ, ഫയൽ കവറുകൾ, മൊബൈൽ ഫോൺ പൗച്ചുകൾ, ടേബിൾ മാറ്റുകൾ എന്നിങ്ങനെ ധാരാളം ഉത്പന്നങ്ങൾ ടൂറിസ്റ്റുകേന്ദ്രങ്ങളിൽ ഏറെ വിപണിയുള്ള വസ്തുക്കളായി മാറിയിരിക്കുന്നു.
ഇലനാര് എന്നാണ് വാഴനാരിനെ പൊതുവെ വിശേഷിപ്പിക്കുന്നത്. വാഴത്തടയുടെ പുറംപോളകളിൽ നിന്നും പരുപരുത്ത നാരുകളും അകത്തെ പോളകളിൽ നിന്നും മൃദുലമായ നാരുകളും ലഭിക്കുന്നു.
മൃദുനാരുകൾ കൊണ്ടാണ് കരകൗശല വസ്തുക്കൾ നിർമിക്കുന്നത്. എല്ലായിനം വാഴകളിൽ നിന്നും നാര് ലഭിക്കുമെങ്കിലും നേന്ത്രൻ, ചെങ്കദളി, കപ്പവാഴ, ഞാലിപ്പൂവൻ, പാളയംകോടൻ എന്നീ ഇനങ്ങളാണ് മെച്ചപ്പെട്ടവ.
ഞാലിപ്പൂവനിൽ നിന്നുമാണ് ഏറ്റവും തിളക്കമേറിയ നാര് കിട്ടുന്നത്. എന്നാൽ നേന്ത്രന്റെ നാരുകൾക്ക് തൂവെള്ള നിറവും നല്ല ബലവും ഉണ്ടായിരിക്കും. നല്ല തടയുള്ള ഒരു വാഴയിൽ നിന്നും ഏകദേശം 150 ഗ്രാം വാഴനാര് കിട്ടും.
പ്രത്യേക ആകൃതിയും 3 മില്ലിമീറ്റർ കനവുമുള്ള ചെറിയ ഒരു ലോഹക്കഷണം അഥവാ 'സ്ക്രേപ്പർ' കൊണ്ടോ , വലിയ തോതിലാണെങ്കിൽ യന്ത്രം ഉപയോഗിച്ചോ വാഴനാരെടുക്കാം.വാഴത്തടയുടെ പുറം പോളകളും ഏറ്റവും ഉള്ളിൽ കാമ്പിനോട് ചേർന്ന പോളകളും നീക്കി, ഏകദേശം മധ്യത്തിൽ വരുന്ന പോളകളിലാണ് നാരുകൾ ധാരാളമായി കാണുന്നത്.
വാഴപ്പോളകൾ അരമീറ്റർ നീളമുള്ള കഷണങ്ങളാക്കി മുറിച്ച ശേഷം നെടുകെ കീറി ഏകദേശം 3 മില്ലിമീറ്റർ വീതിയുള്ള കഷണങ്ങളാക്കി മാറ്റിയ ശേഷമാണ് നാരെടുക്കുന്നത്. വാഴപ്പോളയുടെ പുറംപാളിയിലാണ് നാരുകൾ. അതിനാൽ വാഴപ്പോളകൾ മലർത്തിവെച്ച് ലോഹക്കഷണം കൊണ്ട് ശക്തിയായി ചീകുമ്പോൾ അതിലുള്ള നാരുകൾ ക്രമേണ വേർപെട്ടുവരും. അവയെ ശുദ്ധജലത്തിൽ കഴുകി ഉണക്കിയെടുക്കണം. ഈ രീതിയിൽ പ്രതിദിനം ഒരാൾക്ക് ഏകദേശം 500 ഗ്രാം നാരെടുക്കാനാകും.
യന്ത്രം ഉപയോഗിക്കുമ്പോൾ പ്രതിദിനം 15-25 കിലോഗ്രാം നാരെടുക്കാം. അതായത് ഒരു ദിവസം ഏകദേശം 100 വാഴത്തടകളിൽ നിന്നും നാരെടുക്കാനാകും. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ യന്ത്രത്തിന്റെ വില ഏകദേശം 40,000 രൂപയാണ്. നിറം കൊടുത്തോ അല്ലാതെയോ വാഴനാരുകൾ ഉപയോഗിക്കാം. 10 മിനിറ്റുനേരം വെയിലത്തോ 20 മിനിറ്റുനേരം തണലത്തോ ഇട്ടുണക്കി വേണം നാരുകൾക്ക് നിറം കൊടുക്കാൻ. ഇതിനായി ഒരു കിലോഗ്രാം വാഴനാരിന് ഒരു ലിറ്റർ വെള്ളം എന്നതാണ് കണക്ക്.
വെള്ളം നന്നായി തിളപ്പിച്ച് ഇതിലേക്ക് 20 ഗ്രാം കളറും 20 ഗ്രാം കറിയുപ്പും കലക്കിയൊഴിക്കണം. ഇതിലേക്ക് വാഴനാര് മുക്കിവെച്ച ശേഷം ചെറിയ തീയിൽ 20 മിനിറ്റ് നേരം വേവിക്കുക. ശേഷം മൂന്നിരട്ടി സോഡാക്കാരം ചേർത്ത് വീണ്ടും 10 മിനിറ്റ് വേവിക്കണം. ഇനി നാര് പുറത്തെടുത്ത് ചൂടാറിയ ഉടനെ നല്ല തണുത്ത വെള്ളത്തിൽ 4-5 തവണ നന്നായി കഴുകണം.
ശേഷം പിഴിഞ്ഞെടുത്ത് തണലത്ത് ഉണക്കാനിടാം. ഏറിയാൽ അര മണിക്കൂറിനകം വാഴനാര് ഉണങ്ങിക്കിട്ടും. നന്നായി ഉണങ്ങിയ വാഴനാരുകൾ പോളിത്തീൻ കവറുകളിലിട്ട് സൂക്ഷിക്കാം. നാരുകൾ ഉണങ്ങിയ ഉടനെ തന്നെ കരകൗശലവസ്തു നിർമാണം ആരംഭിക്കാം.
ആവശ്യത്തിന് നാരുകൾ ഒന്നിച്ചെടുത്ത് ചേർത്തുപിടിച്ച് ചുമരിലോ മേശപ്പുറത്തോ ആണിയടിച്ച് വാഴനാരുകളുടെ ഒരറ്റം അതിൽ കൊരുത്തിട്ട ശേഷം മുടി പിന്നുന്ന രീതിയിലോ കയറു പിരിക്കുന്ന രീതിയിസോ നാരുകൾ പിരിച്ചെടുക്കാം. ശേഷം ഭാവനയ്ക്കനുസരിച്ച ഉൽപന്ന നിർമാണത്തിലേക്ക് കടക്കാം.
ഏകദേശം 55000 ഹെക്ടറോളം വാഴക്കൃഷിയുള്ള കേരളത്തിൽ സ്ത്രീ സംരംഭകർക്കും സ്വയം സഹായ സംഘങ്ങൾക്കും ഏറെ സാധ്യതകളുള്ള ഒരു മേഖലയാണിത്. ഒപ്പം പ്ലാസ്റ്റിക്കിന്റെ ഉപയോഗവും പരിസരമലിനീകരണവും ഒരു വലിയ പരിധി വരെ തടയാനുമാകും. ഈ മേഖലയിൽ കടന്നുവരാൻ താൽപര്യമുള്ളവർക്ക് കൃഷി വിജ്ഞാന കേന്ദ്രം കാസർകോട് സൗജന്യ പരിശീലനം നൽകുന്നുണ്ട്.
കടപ്പാട്:മാതൃഭൂമി ഓൺലൈൻ .
പരിശീലനം ആവശ്യമുള്ള പള്ളിക്കര യിലെ കർഷകർക്കോ ഗ്രൂപ്പുകൾക്കോ കൃഷി ഭവനിൽ രെജിസ്റ്റർ ചെയ്യാവുന്നതാണ്.പള്ളിക്കര കൃഷിഭവൻ ☘️]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ