ഈയിടെയായി കോഴികൾക്കും താറാവുകൾക്കുമൊക്കെ മുട്ട വല്ലാതെ കുറയുന്നു എന്ന വിഷമവുമായി ഒരുപാട് കർഷകർ വിളിക്കുകയും നേരിട്ട് കാണുകയും ചെയ്തിരുന്നു. തുടർച്ചയായി മഴ പെയ്യുന്ന ദിവസങ്ങളിലാണ് മുട്ട തീരെ ലഭിക്കാത്തത് എന്നാണ് പ്രധാന പരാതി. ശരിയാണ്... മഴയും മുട്ടയുൽപാദനവും തമ്മിൽ ചില ബന്ധങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
1. വെളിച്ചം നിർബന്ധം
കോഴികൾക്കും താറാവിനും കാടയ്ക്കുമൊക്കെ മുട്ടയുൽപാദനത്തിനു ഒരു ദിവസം 16 മണിക്കൂർ എന്ന കണക്കിന് വെളിച്ചം ആവശ്യമാണ്. എന്നാൽ, തുടർച്ചയായി മഴപെയ്യുന്ന അവസരങ്ങളിൽ4 പകൽ വെളിച്ചം തുലോം കുറവായിരിക്കും. മുട്ടയുൽപാദനത്തിനു ആവശ്യമായ ഹോർമോൺ പ്രവർത്തനത്തിനും മറ്റും വെളിച്ചം ആവശ്യമായതിനാൽ മുട്ടക്കോഴികളുടെ കൂട്ടിൽ സിഎഫ്എൽ, ട്യൂബ് എന്നീ ഫ്ലൂറസന്റ് ബൾബുകൾ ഉപയോഗിക്കണം. രാവിലെ 5 മണി മുതൽ രാത്രി 9 മണി വരെ എന്ന സൗകര്യപ്രദമായ സമയത്ത് ഇത്തരത്തിൽ വെളിച്ചം നൽകാം. പകൽ വെളിച്ചം ലഭ്യമാകുന്ന മുറയ്ക്ക് പകൽ സമയത്ത് ബൾബുകൾ അണയ്ക്കാവുന്നതാണ്.
2. ഊർജം കൂടിയ സമീകൃത തീറ്റ
മഴയും തണുപ്പുമുള്ള സമയങ്ങളിൽ തീറ്റയിൽനിന്ന് ലഭിക്കുന്ന ഊർജത്തിന്റെ ഭൂരിഭാഗവും ശരീരതാപനില നിയന്ത്രിക്കാനാണ് കോഴികൾ ചെലവാക്കുന്നത്. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ തീറ്റ കൂടുതൽ കഴിക്കുകയും, ഊർജം കൂടിയ തീറ്റ ആവശ്യമായി വരികയും ചെയ്യും. സാധാരണ കൂടുകളിൽ വയ്ക്കുന്ന തീറ്റപ്പാത്രങ്ങളേക്കാൾ കൂടുതൽ പാത്രങ്ങൾ വയ്ക്കുന്നതും, തീറ്റസ്ഥലം അധികമായി നൽകാവുന്നതുമാണ്. ധാന്യങ്ങൾ അധികമായി നൽകുന്നതും, തീറ്റയിൽ അൽപം വെളിച്ചെണ്ണയോ സൂര്യകാന്തി എണ്ണയോ തൂകി നൽകുന്നതും ഊർജം അധികമായി ലഭിക്കാൻ അഭികാമ്യമാണ്. കൂടാതെ ശുദ്ധമായ മീൻ അവശിഷ്ടങ്ങൾ നൽകുന്നതും മുട്ട ഉല്‍പാദനം കൂടാൻ സഹായിക്കും. പഴകിയതോ, കട്ടപിടിച്ചതോ, പൂപ്പൽ മണമുള്ളതോ ആയ തീറ്റ ഒരുകാരണവശാലും നൽകരുത്. അഫ്ലാടോക്സിൻ ബാധ മൂലം മുട്ട കുറയാനും, കരൾ വീക്കം വന്നു കോഴികളും, താറാവുകളുമൊക്കെ ചാകാനുമുള്ള പ്രധാന കാരണങ്ങളിലൊന്ന് പഴകിയതോ, ഈർപ്പം തട്ടിയതോ ആയ തീറ്റ നൽകുന്നതാണ്.
(Courtesy: shaju poulose, saif initiative, thsr.]
3. മൗൾട്ടിങ്
കോഴികളിൽ പഴയ തൂവലുകൾ പൊഴിഞ്ഞ് പോയി പുതിയവ വരുന്ന പ്രതിഭാസമാണ് മൗൾട്ടിങ്. ഈ കാലയളവിൽ തൂവലുകൾ കണ്ടമാനം പൊഴിയുകയും, മുട്ടയുൽപാദനം പൂർണമായി നിൽക്കുകയും ചെയ്യും. മഴക്കാലത്തു തീറ്റയുടെ അളവു കുറയുകയോ, വെളിച്ചക്കുറവോ ഒക്കെ മൗൾട്ടിങിന് ആക്കം കൂട്ടും.
കൃത്യമായ അളവിൽ തീറ്റ നൽകുകയും, കൂടുകളിൽ ആവശ്യത്തിന് വെളിച്ചം നൽകുകയും ചെയ്‌താൽ മൗൾട്ടിങ് ഒരു പരിധി വരെ ഒഴിവാക്കാനാകും. സാധാരണഗതിയിൽ അത്യുൽപാദന ശേഷിയുള്ള കോഴികളിലും, സങ്കരയിനങ്ങളിലും ഒരു വർഷത്തെ ഉൽപാദനത്തിന് ശേഷം മാത്രമാണ് മൗൾട്ടിങ് സാധ്യത എന്നത് കൂടി ഓർക്കേണ്ടതാണ്.
4. ലിറ്റർ ഗുണമേന്മ പ്രധാനം
കോഴികളെ വളർത്തുന്ന വിരിപ്പ് (ലിറ്റർ) മഴക്കാലത്തു നനഞ്ഞു കട്ടപിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 25-30 ശതമാനം ഈർപ്പം മാത്രമേ ലിറ്ററിന് പാടുള്ളൂ. ഈർപ്പം കൂടുതലുള്ള ലിറ്റർ പെട്ടെന്ന് കട്ട പിടിച്ച് കേക്ക് പരുവമാകും. അത് കൂടുകളിൽ അമോണിയ ഗന്ധം രൂക്ഷമാകാനും, ബ്രൂഡർ ന്യുമോണിയ പോലുള്ള ഫംഗൽ രോഗങ്ങൾക്കും കാരണമാകും. ലിറ്റർ ഈർപ്പമുള്ളതായി തുടരുകയാണെങ്കിൽ കുഞ്ഞുങ്ങളിലും, വളരുന്ന കോഴികളിലും രക്താതിസാരത്തിന് സാധ്യത ഏറെയാണ്. കൂടാതെ CRD, ഫൗൾ കോളറ, കോറൈസ എന്നീ രോഗങ്ങൾ പിടി പെടാതിരിക്കാനും ലിറ്റർ ക്വാളിറ്റിയിൽ പ്രത്യേക ശ്രദ്ധ വേണം. ഈർപ്പം കൂടിയ ലിറ്റർ ശ്രദ്ധയിൽപെടുകയാണെങ്കിൽ 10 ചതുരശ്ര മീറ്ററിന് ഒരു കിലോ എന്ന അളവിൽ കുമ്മായം ചേർത്ത് ലിറ്റർ നന്നായി ഇളക്കി കൊടുക്കേണ്ടതാണ്.
5. ശുദ്ധമായ കുടിവെള്ളം
മഴക്കാലത്തെ ഏറ്റവും പ്രധാന വെല്ലുവിളിയാണ് ശുദ്ധമായ കുടി വെള്ള ലഭ്യത. മഴയും വെള്ളപ്പൊക്കവും മൂലം കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ അളവ് കൂടാൻ സാധ്യതയുണ്ട്. തിളപ്പിച്ചാറ്റിയതോ, അണു നാശിനിയോ, ബ്ലീച്ചിങ് പൗഡറോ കലർത്തിയ വെള്ളം മാത്രം കുടിക്കാൻ കൊടുക്കുക എന്നതാണ് ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക പോംവഴി. മിക്കവാറും ഫാമുകളിൽ മുട്ടയുൽപാദനം കുറയാനും മരണനിരക്ക് കൂടാനുമുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് കുടിവെള്ളത്തിലൂടെയുള്ള കോളിഫോം ബാധയാണ്.
ഓർക്കുക തുടർച്ചയായി പെയ്യുന്ന മഴ വളർത്തു പക്ഷികൾക്കും, മൃഗങ്ങൾക്കുമെല്ലാം നമ്മളെക്കാളും വലിയ സമ്മർദ്ദ കാലമാണ്. മേൽപ്പറഞ്ഞ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചാൽ വളർത്തു പക്ഷികളുടെ ആരോഗ്യം സംരക്ഷിക്കാനും, ഉൽപാദനത്തിൽ കുറവ് വരാതിരിക്കാനും സാധിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ