പെണ്ണാടുകളെ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ പാലിന്റെ അളവ്, പ്രസവത്തിലുണ്ടാകുന്ന കുട്ടികളുടെ എണ്ണം എന്നിവയാണ് മുഖ്യ ഘടകങ്ങളായി എടുക്കേണ്ടത്. ശരീരം നീണ്ടതും (long & deep). ആപ്പിന്റെ ആകൃതിയുള്ളതുമായിരിക്കണം (wedge shaped) നട്ടെല്ലില്‍ നിന്നും അടിവയര്‍വരെ കൂടുതല്‍ നീളമുള്ളതാണ് നല്ലത്. ആരോഗ്യവും ഊര്‍ജ്ജസ്വലതയുള്ള ആടുകളെ വേണം തെരഞ്ഞെടുക്കാന്‍. കണ്ണുകള്‍ വലുതും തിളക്കമുള്ളതുമായിരിക്കണം. കഴുത്ത് നീളമുള്ളതും മെലിഞ്ഞതുമാവണം. വാരിയെല്ലുകള്‍ വികസിച്ചിരിക്കുന്ന ആടുകളെ വേണം തെരഞ്ഞെടുക്കാന്‍ കാലുകള്‍ വളവില്ലാത്തതും കരുത്തുള്ളതുമായിരിക്കണം. ചര്‍മം മൃദുവായതും രോമാവരണം തിളക്കമുള്ളതുമായിരിക്കണം.
അകിട് നീളമുള്ളതും പിന്‍കാലുകള്‍ക്കിടയില്‍ നിന്നും താഴെനിന്നും മുമ്പോട്ടു ചരിഞ്ഞ് നില്‍ക്കുന്ന രീതിയിലുമായിരിക്കണം. രണ്ട് പകുതികളായാണ് അകിടിന്റെ ഘടന. ഇവ സ്‌പോഞ്ചുപോലെ മൃദുത്വമുള്ളവയായിരിക്കണം. കറവക്കു ശേഷം അകിട് നന്നായി ചുരുങ്ങിവരുന്നത് നല്ല ലക്ഷണമാണ് മുലക്കാമ്പുകള്‍ ഒരേ വലുപ്പമുള്ളവയും, മുന്നോട്ടു ചരിഞ്ഞ് ഇരിക്കുന്നവയുമായിരിക്കണം. എന്നാല്‍ പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന മുലക്കാമ്പുകള്‍ നല്ല ലക്ഷണമല്ല. പാല്‍ ഞരമ്പുകള്‍ വലുതും തെളിഞ്ഞു നില്‍ക്കുന്നവയുമായിരിക്കണം.
കൂടിന്റെ നിര്‍മ്മാണം.
വളരെ ചെലവ് കുറഞ്ഞരീതിയില്‍ ആടിന്റെ കൂട് നിര്‍മ്മിക്കാവുന്നതാണ്. പ്രതികൂലമായ കാലാവസ്ഥയില്‍ നിന്നും, ഉപദ്രവകാരികളായ ജീവികളില്‍നിന്നും സംരക്ഷിക്കുന്ന തരത്തിലുള്ളതായിരിക്കണം. നല്ല വായൂസഞ്ചാരം ഉണ്ടായിരിക്കേണ്ടതാണ്. കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ അധ്വാനം ലഘൂകരിക്കത്തക്കരീതിയിലുള്ള നിര്‍മ്മാണമായിരിക്കണം കൂടിന്റേത്. തറനിരപ്പില്‍ നിന്നും തൂണുകളില്‍ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്ന കൂടുകളില്‍ വേണം. ആടുകളെ വളര്‍ത്തുവാന്‍. മൂത്രത്തില്‍ നിന്നും മറ്റുമുണ്ടാകുന്ന ഈര്‍പ്പം ആടുകള്‍ക്ക് ശ്വസനസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കുന്നതിനാലാണിത്. തൂണുകളുടെ ഉയരം ആറ് അടിയോളം നല്‌കിയാല്‍ കൂടിന്റെ അടിയില്‍ ശേഖരിക്കപ്പെടുന്ന കാഷ്‌ഠവും ഭക്ഷണാവശിഷ്‌ടങ്ങളും നീക്കം ചെയ്യുന്നതിന് സഹായകമാകും. ഒരു പെണ്ണാടിന് ശരാശരി 1.5 ച.മീ വിസ്‌തീര്‍ണ്ണം നല്‌കേണ്ടതാണ്. ഇത് കൂടാതെ വേണ്ടുവോളം വ്യായാമം നല്‌കുന്നതിന് സൗകര്യമുണ്ടായിരിക്കണം. അഴിച്ചുവിട്ടു വളര്‍ത്തുവാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ 2.2 ച.മീ വിസ്‌തീര്‍ണ്ണം ഉണ്ടാവണം. ആട്ടിന്‍ കുട്ടികളേയും മുട്ടനാടുകളേയും പ്രത്യേകം പാര്‍പ്പിക്കേണ്ടതാണ്.
കൂടിന്റെ തറയില്‍ കാഷ്‌ഠവും മറ്റും പുറത്തേക്ക് പോകുന്നതിനായി വിടവുകള്‍ ഉണ്ടായിരിക്കേണ്ടതാണ്. പന, വേങ്ങ തുടങ്ങിയ തടികള്‍ തറയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കാവുന്നതാണ്.
ഭക്ഷണ സാധനങ്ങള്‍ നന്നായി പാഴാക്കുന്ന സ്വഭാവക്കാരാണ് ആടുകള്‍. നിലത്തുവീണും ആടുകള്‍ ചവിട്ടിയും മറ്റും മലിനമായ ഭക്ഷ്യവസ്‌തുക്കള്‍ ആടുകള്‍ കഴിക്കുകയില്ല. അതിനാല്‍ അത്തരത്തില്‍ ഭക്ഷണ സാധനങ്ങള്‍ പാഴാകാത്ത തരത്തിലായിരിക്കണം പുല്‍ത്തൊട്ടി നിര്‍മ്മിക്കേണ്ടത്.
ആടുകളുടെ ഗര്‍ഭകാലം ശരാശരി 5 മാസമാണ്. പിറന്ന കുഞ്ഞുങ്ങള്‍ക്ക് ഉണങ്ങിയതും വൃത്തിയുള്ളതുമായ സ്ഥലത്ത് കിടക്കുന്നതിനു സൗകര്യമുണ്ടായിരിക്കേണ്ടതാണ്. കുഞ്ഞുങ്ങളുടെ പൊക്കിള്‍ക്കൊടിയില്‍ അണുനാശിനി പുരട്ടേണ്ടതാണ്. ജനിച്ച് അധികം താമസിക്കാതെ തന്നെ കുഞ്ഞുങ്ങള്‍ക്ക് കന്നിപ്പാല്‍ കൊടുക്കേണ്ടതാണ്.
🔹രോഗങ്ങള്‍
അകിടുവീക്കം- അണുബാധമൂലം അകിടിനുണ്ടാകുന്ന രോഗമാണ് അകിടുവീക്കം. രോഗബാധമൂലം പാല്‍ഗ്രന്ഥികള്‍ നശിച്ച് പാല്‍ ഉല്‍പാദനം ഭാഗികമായോ പൂര്‍ണ്ണമായോ നിലച്ചുപോകുവാന്‍ സാധ്യതയുണ്ട്. വളരെ ചുരുക്കമായി അകിടു ചീഞ്ഞുപോവുകയും ആടിന് മരണം സംഭവിക്കുകയും ചെയ്യാം.
ആന്ത്രാക്‌സ് -കലശലായ പനിയോടു കൂടിയാണ് ഈ രോഗം കാണപ്പെടുക. ആന്ത്രാക്‌സ് ബാധിച്ച മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിക്കാം. മരണപ്പെടുന്ന മൃഗങ്ങള്‍ക്ക് രക്തസ്രാവം കാണപ്പെടുന്നു.
ആട് വസന്ത - ഇത് ഒരു വൈറസ് രോഗമാണ്. പനി, കണ്ണില്‍നിന്നും മൂക്കില്‍നിന്നും പഴുപ്പ് വരിക, വിശപ്പില്ലായ്‌മ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.
കുളമ്പുരോഗം- ചുണ്ട്, നാക്ക്, കുളമ്പുകള്‍ എന്നിവിടങ്ങളില്‍ വ്രണങ്ങള്‍ കാണപ്പെടുക പനി, വിശപ്പില്ലായ്‌മ എന്നീ രോഗലക്ഷണങ്ങളാണ് കുളമ്പുരോഗത്തിനുള്ളത്.
പ്ലൂറോ ന്യൂമോണിയ- അതിവേഗം പടരുവാന്‍ ശേഷിയുള്ള ഒരു രോഗമാണ് ഇത്. ശ്വാസകോശവീക്കം, നെഞ്ചില്‍ നീര്‍ക്കെട്ട് എന്നിവയാണ് രോഗലക്ഷണം. ഏത് പ്രായത്തിലുള്ള ആടുകളേയും രോഗം ബാധിക്കാം. രോഗം ബാധിച്ച ആടുകള്‍ക്ക് ചുമയും തുമ്മലുമുണ്ടാകും. ശ്വാസതടസ്സം, മൂക്കില്‍നിന്നും പഴുപ്പ് വരിക തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം.
ടെറ്റനസ്- മുറിവുകളിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും വേണ്ട പരിചരണം മുറിവുകള്‍ക്കുനല്‌കാതെയിരുന്നാല്‍ അത്തരം ശരീരഭാഗങ്ങളില്‍ രോഗാണുക്കള്‍ പെരുകുയും ചെയ്യുന്നതുമൂലമുണ്ടാകുന്ന ഒരുരോഗമാണ് ടെറ്റനസ്. കൂടുതലായും ആട്ടിന്‍കുട്ടികളെയാണ് ഈരോഗം ബാധിക്കുന്നത്. വായതുറക്കുവാനുള്ള ബുദ്ധിമുട്ട്, കൈകാലുകള്‍ വടിപോലെയാവുക, ശ്വാസതടസ്സം എന്നിവയാണ് രോഗലക്ഷണം. രോഗലക്ഷണങ്ങള്‍ ഗുരുതരമായാല്‍ മരണം ഉറപ്പാണ്. ഈ രോഗത്തിന് പ്രതിരോധകുത്തിവയ്‌പ് ലഭ്യമാണ്.
ബാഹ്യപരാദങ്ങള്‍ - പലതരത്തിലുള്ള ബാഹ്യപരാദങ്ങള്‍ ആടുകളെ ബാധിക്കാറുണ്ട്. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ മരുന്നുകള്‍ ഉപയോഗിച്ച് ഇവയെ നീക്കം ചെയ്യാവുന്നതാണ്.
വയറുകടി - കുടലിന്റെ ആന്തരിക പാളികളില്‍ വളരുന്ന ഒരു ഏകകോശജീവിയാണ് ഈരോഗം ഉണ്ടാക്കുന്നത്. ആട്ടിന്‍കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. ചാണകം നന്നായി അയഞ്ഞു പോവും ചാണകത്തില്‍ ചളി, രക്തം എന്നിവ കാണപ്പെടാം. അതിനാല്‍ രക്താതിസാരം എന്നപേരിലും ഈരോഗം അറിയപ്പെടുന്നു. കൃത്യസമയത്ത് മരുന്നുകള്‍ നല്‌കിയാല്‍ ഈ രോഗം ഫലപ്രദമായി നിയന്ത്രിക്കാവുന്നതാണ്.
അപര്യാപ്‌തതാ രോഗങ്ങള്‍ - വിറ്റാമിനുകളും ധാതുലവണങ്ങളുടേയും കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ ആടുകളില്‍ സാധാരണമാണ്. പ്രസവത്തോനുബന്ധിച്ച് കാല്‍സ്യം കുറവുന്നതുമൂലമുള്ള രോഗങ്ങള്‍, വിറ്റാമിന്‍ ബി 1 ന്റെ കുറവുമൂലമുണ്ടാകുന്ന തലചുറ്റല്‍ എന്നിവ ഇവയില്‍ ചിലതുമാത്രമാണ്.
🔹ആടുകളുടെ പരിചരണം
ഗര്‍ഭം ഏകദേശം 140ദിവസം പിന്നിട്ടു കഴിയുമ്പോള്‍ പ്രസവത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഈ സമയത്ത് ഇവര്‍ക്കായി പ്രത്യേകം പാര്‍പ്പിടം ഒരുക്കേണ്ടതാണ്. അകിടിന്റെ വികാസമാണ് പ്രധാനലക്ഷണം. പാല്‍ ഉല്‍പാദനം വര്‍ദ്ധിക്കുന്നതുമൂലം അകിടിന്റെ കാഠിന്യം വര്‍ദ്ധിക്കുകയും അകിടിന്റെ ചര്‍മ്മത്തിന് തിളക്കം കാണപ്പെടുകയും ചെയ്യും. ഈസമയത്ത് യാതൊരു കാരണവശാലും അകിടില്‍നിന്നും പാല്‍ പിഴിഞ്ഞുകളയരുത് (പ്രസവശേഷം കുട്ടികള്‍ക്കാവശ്യമായ കന്നിപ്പാല്‍ നഷ്‌ടപ്പെട്ടു പോകുമെന്നതിനാല്‍).
പ്രസവമടുക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ആടുകള്‍ അസ്വസ്ഥരാവുകയും താഴ്‌ന്ന സ്വരത്തില്‍ കരയുകയും ചെയ്യാറുണ്ട്. ഉദരഭാഗം ഇടിഞ്ഞ് താഴുകയും വാലിന്റെ ചുവടുഭാഗത്തോടു ചേര്‍ന്ന് ഇരുവശങ്ങളിലുമായി കുഴിയുകയും ചെയ്യുന്നു. മുന്‍കാലുകള്‍കൊണ്ട് തറയില്‍ മാന്തുകയും തുടര്‍ച്ചയായി കിടക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്നു. യോനി നാളത്തിലൂടെ നേരിയ മഞ്ഞനിറത്തില്‍ കട്ടികൂടിയ സ്രവം ചെറുതായി പുറത്തേക്ക് വരുന്നതുകണ്ടാല്‍ പ്രസവം ഉടന്‍തന്നെ നടക്കുമെന്നു പ്രതീക്ഷിക്കാം. ഈസമയത്ത് ആടുകള്‍ ഏറെ അസ്വസ്ഥരാവുകയും പെട്ടെന്ന് കിടക്കുകയും ചാടി എഴുന്നേല്‍ക്കുകയും ചെയ്യും. ഇതോടനുബന്ധിച്ച് ചെറുതായി മുക്കുന്നതും സാധാരണമാണ്. തുടര്‍ച്ചയായും ശക്തിയായും മുക്കിക്കഴിഞ്ഞാലുടന്‍തന്നെ പ്രസവം നടന്നിരിക്കും. കുട്ടിയുടെ കൈകളാണ് ആദ്യം പുറത്തേക്ക് വരുന്നത്. അതിനുശേഷം തലഭാഗവും പിന്നീട് ഉടലുമാണ് പുറത്തേക്ക് വരിക. തുടര്‍ച്ചയായി മുക്കുകയും യോനീസ്രവം നന്നായി പുറത്തേക്കു പോവുകയും ചെയ്‌തതിനുശേഷം രണ്ടുമണിക്കൂറിനുള്ളില്‍ പ്രസവം നടന്നില്ലയെങ്കില്‍ വിദഗ്‌ദ്ധസഹായം തേടേണ്ടതാണ്. നിന്നുകൊണ്ടോ, കിടന്നുകൊണ്ടോ ആടുകള്‍ പ്രസവിക്കാറുണ്ട്. നില്‍ക്കുമ്പോള്‍ ശക്തിയായി മുക്കുമ്പോള്‍ മുതുക് നന്നായി വളഞ്ഞ് നില്‍ക്കാം. കിടക്കുമ്പോള്‍ ഒരുവശത്തേക്ക് ചരിയുന്നതുമൂലം മുക്കുന്നസമയത്ത് കാലുകള്‍ നിവര്‍ത്തിപിടിക്കാം. ആടുകള്‍ക്ക് ഒരുപ്രസവത്തില്‍ ഒന്നിലധികം കുട്ടികള്‍ ഉണ്ടാകാറുണ്ട്. ആദ്യത്തെ കുട്ടി പുറത്ത് വന്നതിനുശേഷം 15-20 മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാമത്തെ കുട്ടി പുറത്തുവരാം. പുറത്തുവന്നാലുടനെ തന്നെ കുട്ടിയുടെ മൂക്ക് നന്നായി തുടച്ച് വൃത്തിയാക്കേണ്ടതുണ്ട്. പ്രസവശേഷം 8 മുതല്‍ 12 മണിക്കൂറിനുള്ളില്‍ മറുപിള്ള പുറംതളളപ്പെടും. 12 മണിക്കൂറിനു ശേഷവും മറുപിള്ള പുറത്തുവന്നില്ല എങ്കില്‍ വൈദ്യസഹായം തേടേണ്ടതാണ്. പ്രസവശേഷം കുടിക്കുന്നതിന് വേണ്ടുവോളം ശുദ്ധജലവും മിതമായ അളവില്‍ ഗോതമ്പുതവിടു കുഴച്ചതും കൊടുക്കാവുന്നതാണ്. പിന്നീടുള്ള ദിവസങ്ങളില്‍ അമിതമായി ഭക്ഷണം നല്‌കുവാന്‍ പാടില്ല. പരിചിതമല്ലാത്ത യാതൊരു ഭക്ഷണവസ്‌തുക്കളും കൂടുതലായി ആടുകള്‍ക്ക് നല്‌കുവാന്‍ പാടില്ല. വളരെ ദുര്‍ബലമായ ദഹനവ്യവസ്ഥയാണ് ആടുകളുടേത്. പാല്‍ ഉല്‍പാദനം വര്‍ധിച്ചു വരുന്ന മുറക്ക് തീറ്റകൊടുക്കുന്നതിന്റെ അളവ് വര്‍ധിപ്പിക്കാവുന്നതാണ്.
🔹അജോല്‍പന്നങ്ങള്‍
അജോല്‍പന്നങ്ങളില്‍ കമ്പിളിക്കാണ് ഇന്ന് പ്രമുഖസ്ഥാനം. അജമാംസവും അപ്രധാനമല്ലാത്ത ഒരു സ്ഥാനം വഹിക്കുന്നു. ആടില്‍നിന്നും ലഭിക്കുന്ന മറ്റൊരു ആദായമാണ് പാല്‍. ഇവ കൂടാതെ ആടുകളില്‍നിന്നും കിട്ടുന്ന ഒരു പ്രധാനോല്‍പന്നമാണ് തുകല്‍. രോമം നീക്കംചെയ്‌തു കഴിഞ്ഞ ഈ തുകല്‍ ഊറയ്‌ക്കിട്ടശേഷം അപ്‌ഹോള്‍സ്റ്ററി, ബുക്ക് ബൈന്‍ഡിങ്, കൈയുറകള്‍, ഷൂസിന്റെ മുകള്‍ഭാഗം തുടങ്ങി പലതിനുമായി ഉപയോഗിച്ചുവരുന്നു. രോമത്തോടുകൂടിയ തുകല്‍ രോമക്കുപ്പായങ്ങളുടെ നിര്‍മാണത്തിന് ഏറ്റവും അനുയോജ്യമായ വസ്‌തുവാണ്. ആടിന്റെ ഹൃദയം, കരള്‍, വൃക്ക തുടങ്ങി പല ഭാഗങ്ങളും മനുഷ്യന്‍ ഭക്ഷണമായി ഉപയോഗിക്കുന്നു. ചില അന്തഃഗ്രന്ഥികള്‍ക്ക് ഔഷധോപയോഗവുമുണ്ട്. ആടിന്റെ ചെറുകുടലിന് അന്താരാഷ്‌ട്ര `സോസേജ്' വാണിജ്യത്തില്‍ത്തന്നെ ഒരു പ്രധാനസ്ഥാനമുള്ളതായി കാണാം. ശസ്‌ത്രക്രിയയില്‍ തുന്നലുകള്‍ക്കും തന്തുവാദ്യങ്ങളിലെ തന്തികള്‍ക്കും മറ്റും ആവശ്യമായ `ക്യാറ്റ്‌ഗട്ട്' നിര്‍മ്മാണത്തിനും ഇതുപയോഗിക്കപ്പെടുന്നു. `ലനോളിന്‍' എന്നറിയപ്പെടുന്ന രോമക്കൊഴുപ്പ് ഒരു നല്ല ഉപാഞ്‌ജനതൈല (Lubricant)മാണ്. ഓയില്‍മെന്റുകളും വാസനദ്രവ്യങ്ങളും ഉണ്ടാക്കുന്നതില്‍ ഈ രോമക്കൊഴുപ്പ് ഒരുപ്രധാന ഘടകമാണ്. ആട്ടിന്‍കൊഴുപ്പ് ഭക്ഷ്യസാധനമായും അല്ലാതെയും ഉപയോഗിക്കപ്പെട്ടുവരുന്നു. ആട്ടിന്‍ കാഷ്‌ഠം അതേ രൂപത്തിലും മണ്ണിര കമ്പോസ്റ്റാക്കിയും വളമായുപയോഗിക്കുന്നു.
🔹ഔഷധഗുണങ്ങള്‍
ആട് ധാരാളം ഔഷധഗുണങ്ങളുള്ള ഒരു വളര്‍ത്തുമൃഗമാണ്. ആടിന്റെ പാല്‍, മൂത്രം എന്നിവ വിഷചികില്‍സയ്‌ക്ക് ഉപയോഗിക്കാറുണ്ട്. ആട്ടിന്‍കൊമ്പ് ആയുര്‍വേദ ഗുളികകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. വാതത്തിന് ആടിന്റെ അസ്ഥികള്‍, കൈകാല്‍ എന്നിവ തിളപ്പിച്ച് ഉപയോഗിക്കുന്നു. ആട്ടിന്‍കുടല്‍, കുടല്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് മറ്റു ഔഷധങ്ങളുടെ കൂടെ ഉപയോഗിക്കുന്നു. ആടിന്റെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളും നല്ലതുപോലെ വേവിച്ച് ഉലുവ, കടുക്, കൊത്തമല്ലി, അയമോദകം എന്നിവയിട്ട് എണ്ണയില്‍ വരട്ടി കുരുമുളക്, മല്ലിപ്പൊടി ചേര്‍ത്ത് പ്രസവിച്ച സ്‌ത്രീകള്‍ക്ക് കൊടുക്കാറുണ്ട്.
[courtesy: shaju poulose, saif whatsap group]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ