മനുഷ്യര്‍ മാംസത്തിനും പാലിനും തുകലിനും വളര്‍ത്തുന്ന മൃഗമാണ് ആട്. രോമാവൃതമായ ശരീരമുള്ള ആടുകള്‍ക്ക് നിറം വെള്ള, കറുപ്പ്, തവിട്ട് നിറങ്ങളിയിരിക്കും. ചെറിയകൊമ്പുകളും ഇവയ്‌ക്കുണ്ടായിരിക്കും. ആട് ഇരട്ടക്കുളമ്പുള്ള മൃഗമാണ്. കാഷ്‌ഠം വളമായി ഉപയോഗിക്കുന്നു.
ജീവിതരീതി
ആടുകള്‍ പൊതുവെ പച്ചില തിന്നാന്‍ ഇഷ്‌ടപ്പെടുന്ന മൃഗമാണ്. നനവുള്ള പ്രതലത്തില്‍നിന്നും മാറി നിലത്തുനിന്നും ഉയര്‍ന്ന തടിത്തട്ടുകളിലോ കൂടുകളിലോ ആണ് ആടിനെ പാര്‍പ്പിക്കുന്നത്.ആടുകള്‍ പൊതുവെ ശാന്തശീലരാണ്. നാടന്‍ ആടുകളുടെ ഒരു പ്രസവത്തില്‍ ഒന്നു മുതല്‍ ചുരുക്കമായി ആറ് വരെ കുട്ടികള്‍ ഉണ്ടാവാനിടയുണ്ട്.
ഇനങ്ങള്‍
പ്രമുഖ ആടുവളര്‍ത്തല്‍ രാജ്യങ്ങള്‍ ആസ്‌ട്രേലിയയും ന്യൂസിലന്‍ഡുമാണ്. ജമുനാപാരി, ബീറ്റല്‍, മര്‍വാറി, ബാര്‍ബാറി, സുര്‍ത്തി, കണ്ണെയാട്, ബംഗാള്‍ ഓസ്‌മനാബാദി, മലബാറി എന്നിവയാണ് ഇന്‍ഡ്യയില്‍ വളര്‍ത്തിവരുന്ന പ്രധാനപ്പെട്ട കോലാടുവര്‍ഗ്ഗങ്ങള്‍. ഇവയില്‍ `മലബാറി' എന്ന വര്‍ഗ്ഗത്തില്‍പെട്ട ആടുകളാണ് കേരളത്തില്‍ ധാരാളമായി കണ്ടുവരുന്നത്. ഇവയെ `തലശ്ശേരി ആടു'കള്‍ എന്നും പറഞ്ഞുവരുന്നു. ഈ മലബാറി ആടുകള്‍ ശുദ്ധജനുസില്‍പ്പെട്ടവയല്ല. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അറേബ്യന്‍ വാണിജ്യങ്ങളോടൊപ്പം കേരളത്തിലെത്തിയ ആടുകളും മലബാര്‍ പ്രദേശങ്ങളിലുണ്ടായിരുന്ന നാടന്‍ ആടുകളും തമ്മില്‍ നടന്ന വര്‍ഗ്ഗസങ്കലനത്തിന്റെ ഫലമായുണ്ടായ സങ്കരവര്‍ഗ്ഗമാണ് ഇവയെന്നു കരുതപ്പെടുന്നു.
കണ്ണെയാടുകള്‍ സാധാരണ തമിഴ്‌നാട്-കേരള അതിര്‍ത്തിയില്‍ കണ്ടുവരുന്ന ചെറിയ ഇനമാണ്. പ്രതികൂല കാലാവസ്ഥയില്‍ വളരാനുള്ള കഴിവ്, ഉയര്‍ന്ന രോഗപ്രതിരോധശേഷി എന്നിവ ഇവയുടെ പ്രത്യേകതയാണ്. കറുപ്പുനിറമുള്ള കണ്ണെയാടുകളുടെ ചെവി നീളമില്ലാത്തതും തൂങ്ങിക്കിടക്കുന്നതുമാണ്.
അങ്കോറ, കാശ്‌മീരി എന്നീ വര്‍ഗ്ഗം ആടുകളില്‍നിന്നു കമ്പിളിരോമം ശേഖരിച്ചുവരുന്നതിനാല്‍ കാശ്‌മീരിലും മറ്റും കമ്പിളി വ്യവസായം പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. കാശ്‌മീരിലെ പര്‍വതപ്രാന്തങ്ങളില്‍ കണ്ടുവരുന്ന കാശ്‌മീരി ആടുകള്‍ അവയുടെ കമ്പിളിരോമത്തിനു പ്രസിദ്ധിയാര്‍ജിച്ചവയാണ്. അവയില്‍നിന്നും ലഭിക്കുന്ന മൃദുലവും നേര്‍ത്തതുമായ കമ്പിളിരോമം `പഷ്‌മിന' എന്നപേരില്‍ അറിയപ്പെടുന്നു. ഇന്ത്യന്‍ ഇനങ്ങളെക്കൂടാതെ ആംഗ്ലോനെബിയന്‍, ടോഗന്‍ബര്‍ഗ്, സാനന്‍, അങ്കോറ തുടങ്ങിയ വിദേശ ഇനങ്ങളെയും പാലിനും മാംസത്തിനും വേണ്ടി വളര്‍ത്തിവരുന്നുണ്ട്. ഒരുനല്ല കറവയാടിന് അതുള്‍പ്പെടുന്ന ജനുസ്സിന്റെ ലക്ഷണങ്ങളുണ്ടായിരിക്കണം. ജനുസ്സിനെ ലക്ഷണങ്ങള്‍ക്കനുഗുണമായ വലിപ്പവും ശരീരദൈര്‍ഘ്യവും വലിയ അകിടും ഉത്തമ ലക്ഷണങ്ങളാണ്. നല്ല കറവയാടിന്റെ അകിടിനെ ആവരണം ചെയ്യുന്ന ചര്‍മ്മം മൃദുമായിരിക്കും. സ്‌പര്‍ശനത്തില്‍ അകിടീനാകെ മൃദുത്വം അനുഭവപ്പെടും അകിടിലെ സിരകള്‍ സുവ്യക്തമായിരിക്കണം. കൂടാതെ കറവയ്‌ക്കുമുന്‍പ് തടിച്ചുവീര്‍ത്തിരിക്കുന്ന അകിടും മുലക്കാമ്പുകളും കറവയ്‌ക്കുശേഷം ചുക്കിച്ചുളിഞ്ഞുവരികയും വേണം. മുട്ടനാടിനെ സംബന്ധിച്ചും ജനുസ്സിന്റെ ലക്ഷണങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. നല്ല ഓജസ്സും പ്രസരിപ്പും ഉണ്ടാവണം. നീണ്ടു പുഷ്‌ടിയുള്ള ദേഹം, നല്ല ബലവും നീളവുമുള്ള കാലുകള്‍ എന്നിവ നല്ല ലക്ഷണങ്ങളാണ്. ഏറ്റവും കൂടുതല്‍ പാല്‍ ലഭിക്കുന്നത് സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിയായ സാനന്‍ ഇനത്തില്‍നിന്നാണ്.കേരളത്തിലെ കാലാവസ്ഥയില്‍ നാടന്‍ ആടുകളും വിവിധഇനം മറുനാടന്‍ ആടുകളും അധിവസിക്കുന്നു.
ചെമ്മരിയാട്
ചെമ്മരിയാടുകള്‍ ഓവിസ് എന്ന ജനുസ്സിലും കോലാടുകള്‍ കാപ്ര എന്ന ജനുസ്സിലും ഉള്‍പ്പെടുന്നു. ഈരണ്ടു ജനുസ്സുകളിലും ഒട്ടേറെ സ്‌പീഷിസുണ്ട്. താരതമ്യേന കൂടുതല്‍ ശക്തമായ ശരീരഘടനയും ആണാടുകളില്‍ താടിരോമത്തിന്റെ അഭാവവുമാണ് ചെമ്മരിയാടിന്റെ സവിശേഷതകള്‍. ഇന്ത്യന്‍ ചെമ്മരിയാടുകള്‍ ഓവിസ് ബറെല്‍, ഓവിസ് ബ്ലാന്‍ഫോര്‍ഡി എന്നി ഇനങ്ങളാണ്. സാങ്കേതികമായി ഓവിസ് പോളി (Ovis polil) എന്നറിയപ്പെടുന്ന പാമീര്‍ ചെമ്മരിയാടുകളെയാണ് ഏറ്റവും നല്ല സ്‌പീഷിസ് ആയി കരുതിപ്പോരുന്നത്.
കേരളത്തിലെ നാടന്‍ ഇനങ്ങള്‍
മലബാറി
കേരളത്തില്‍ മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കാണുന്ന നാടന്‍ ഇനമാണ് മലബാറി. അറബിആടുകളും കേരളത്തിലെ ആടുകളും ചേര്‍ന്നു രൂപപ്പെട്ട തനത് ജനുസ്സാണിത്.
അട്ടപ്പാടി കറുത്താട് (Attapady black)
അട്ടപ്പാടി ഭാഗത്തെ ആദിവാസികളുടെ കൈവശമുള്ള തനത് ജനുസ്സ്. മിക്കവാറും കറുത്തനിറം.
ജംനാപാരി
ഈ ഇനം ഇന്‍ഡ്യയുടെ അന്തസ്സ് എന്നാണ് അറിയപ്പെടുന്നത്. ഉത്തര്‍പ്രദേശമാണ് ജംനാപാരിയുടെ ജന്മസ്ഥലം. ഇന്ന് ഇന്‍ഡ്യയില്‍ ലഭ്യമായതില്‍വച്ച് ഏറ്റവും വലിപ്പം വയ്‌ക്കുന്ന ആട് ഇനമാണ് ഇത്. യമുനാ നദിയുടെ തീരങ്ങളില്‍ കാണപ്പെടുന്ന മാലാഖപോലുള്ള ആട് എന്നാണ് ഇവയുടെ പേരിന്റെ അര്‍ത്ഥം. നീളമുള്ള ചെവി, കഴുത്ത്, റോമന്‍ മൂക്ക്, തുടയുടെ ഭാഗത്തെ നീളം കൂടിയ രോമം എന്നിവ ഇത്തരം ആടിന്റെ പ്രത്യേതകളാണ്. കൂടാതെ ഇത്തരം ആടുകളുടെ കീഴ്‌താടിക്ക് മേല്‍താടിയെക്കാള്‍ നീളം കൂടുതല്‍ ഉണ്ടാകും. ഒന്നരവയസ്സായാല്‍ ആദ്യത്തെ പ്രസവം. 85 ശതമാനം വരെ പ്രസവങ്ങളില്‍ ഒരു കുട്ടിയേ കാണൂ. എങ്കിലും വളരെ അപൂര്‍വ്വമായി മാത്രം രണ്ട് കുട്ടികള്‍ വരെ കാണും. ആറ് മാസമാണ് കറവക്കാലം. പെണ്ണാടിന് 60 കിലോ മുതല്‍ 70 കിലോ വരെയും ഭാരം ഉണ്ടാകും. ശരാശരി ലഭിക്കുന്ന പാലിന്റെ അളവ് 2 ലിറ്റര്‍ മുതല്‍ 3 ലിറ്റര്‍ വരെയാണെങ്കിലും 4 ലിറ്റര്‍ വരെ പാല്‍ ലഭിക്കുന്ന ആടുകളും ഉണ്ട്. പ്രായപൂര്‍ത്തിയായ മുട്ടനാടിന് 80 കിലോ മുതല്‍ 90 കിലോവരെ ഭാരം ഉണ്ടാകാം. കേരളത്തില്‍ വളരെയധികം ജംനാപാരി ആടുകളെ വളര്‍ത്തുന്നുണ്ട്.
സിരോഹരി
രാജസ്ഥാന്റെ കരുത്തനായ ആട് എന്നാണ് ഈ ഇനങ്ങള്‍ അറിയപ്പെടുന്നത്. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് ഈ ആടിന്റെ ജന്മസ്ഥലം എങ്കിലും ഗുജറാത്തിന്റെ ചില പ്രദേശങ്ങളിലും ഇതിനെ കാണാന്‍ കഴിയും ശരാശരി വലിപ്പം ഉള്ള ഇനമാണ് ഇത്. പ്രായപൂര്‍ത്തിയായ മുട്ടനാടിന് ശരാശരി 50 കിലോ തൂക്കവും പെണ്ണാടിന് 25 കിലോ തൂക്കവുമുണ്ടാകും. തവിട്ട് നിറമാണ് സാധാരണ ഇത്തരം ആടുകള്‍ക്കുള്ളതെങ്കിലും തവിട്ടുനിറത്തിലുള്ള പുള്ളികള്‍ ആയിരിക്കും കാണുന്നത്. മിക്കവാറും ആടുകള്‍ക്കും കഴുത്തില്‍ ``കിങ്ങിണി'' ഉണ്ടായിരിക്കും. 18 സെന്റീമീറ്റര്‍ വരെ നീളമുള്ള ചെവികള്‍ പരന്നതും തൂങ്ങിനില്‍ക്കുന്നവയുമാണ്. ചെറുതും വളഞ്ഞതുമായ കൊമ്പാണ് ഇത്തരം ആടുകള്‍ക്കുള്ളത്. വാല്‍ചെറുതും മുകളിലേക്ക് വളഞ്ഞതുമാണ്. 90 ശതമാനം പ്രസവത്തിലും ഒരു കുട്ടിയായിരിക്കും ഉണ്ടാകുക. 9 ശതമാനം പ്രസവങ്ങളില്‍ 2 കുട്ടികളും ഉണ്ടാകാറുണ്ട്. കറവ ശരാശരി ആറുമാസമാണ്. ദിവസവും ഏകദേശം ഒന്നര ലിറ്റര്‍ വരെ പാല്‍ ലഭിക്കാറുണ്ട്. ഏതു കാലാവസ്ഥയും അതിജീവിക്കാനുള്ള കഴിവാണ് ഈ ജനുസ്സില്‍പെട്ട ആടുകളുടെ ഏറ്റവും വലിയ പ്രത്യേകത.
ബീറ്റല്‍
പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്ന ഈ ഇനം ആടുകള്‍ ഇന്‍ഡ്യയിലെ ഏറ്റവും മുന്തിയ ഇനമെന്നു പറയപ്പെടുന്നു. ചൂടും തണുപ്പും അതിജീവിക്കാനുള്ള കഴിവ്, മികച്ച രോഗപ്രതിരോധശേഷി, പ്രതിദിനം ലഭിക്കുന്ന പാലിന്റെ അളവ് എന്നിങ്ങനെ പല കാര്യങ്ങളിലും മുന്‍പില്‍ നില്‍ക്കുന്ന ആടിനമാണിത്. നീളമുള്ള ചെവി, കട്ടിയുള്ളതും കുറുകിയതുമായ കൊമ്പ്, ചെറിയ വാല്‍ എന്നിവ ഈ ജനുസ്സിന്റെ പ്രത്യേകതയാണ്. പ്രായപൂര്‍ത്തിയായ മുട്ടനാടിന് 60 കിലോഗ്രാമോളം തൂക്കം ഉണ്ടാകും. പെണ്ണാടിന് 45 കിലോഗ്രാമോളം ഭാരവും ഉണ്ടാകും. ഈ ഇനത്തില്‍പ്പെട്ട ആടില്‍ നിന്നും പ്രതിദിനം രണ്ടര ലിറ്റര്‍ വരെ പാല്‍ ലഭിക്കുന്നുണ്ട്. 41 ശതമാനം പ്രസവത്തില്‍ ഇരട്ടക്കുട്ടികളും, 52 ശതമാനം മൂന്ന് കുട്ടികളും 7 ശതമാനം നാലുകുട്ടികളും ഒരുപ്രസവത്തില്‍ ഉണ്ടാകാറുണ്ട്. കറുപ്പ്, തവിട്ട്, കറുത്തനിറത്തില്‍ വെള്ളപ്പുള്ളി എന്നിങ്ങനെ പല നിറത്തില്‍ ബീറ്റില്‍ ആടുകളെ കാണാന്‍ കഴിയും.
ജര്‍ക്കാന
ബീറ്റില്‍ ഇനത്തിനോട് വളരെയധികം സാദൃശ്യമുള്ള ഇത് ആടുകളിലെ ജഴ്‌സി എന്നറിയപ്പെടുന്നു. രാജസ്ഥാനിലെ `അല്‍വാര്‍' ജില്ലയിലാണ് കണ്ടുവരുന്നത്.
നല്ല രോഗപ്രതിരോധശേഷി, ഏത് കാലാവസ്ഥയിലും ജീവിക്കാനുള്ള കഴിവ് എന്നിവ ഈ ഇനത്തിന്റെ പ്രത്യേകതയാണ്. നീളമുള്ള ചെവിയാണ് ഈ ഇനത്തിനുള്ളതെങ്കിലും ചില കര്‍ഷകര്‍ ചെവിയുടെ നീളം മുറിയ്‌ക്കാറുണ്ട്. മുലക്കാമ്പുകള്‍ കൂര്‍ത്ത ആകൃതിയിലുള്ളതാണ്. ദിനംപ്രതി നാല് ലിറ്റര്‍ വരെ പാല്‍ നല്‌കുന്ന ആടുകള്‍ ഉണ്ടെങ്കിലും ശരാശരി പാലുല്‍പാദനം രണ്ടരലിറ്ററാണ്. കറുത്തനിറത്തില്‍ മുഖത്തും താടിയിലമുള്ള വെള്ളപ്പാടുകള്‍ ഈ ഇനത്തിന്റെ മറ്റൊരു സവിശേഷതയാണ്.
മാര്‍വാറി
രാജസ്ഥാനിലെ ``മാര്‍വാര്‍'' ജില്ലയാണ് സ്വദേശം. തവിട്ടു നിറത്തിലോ കറുപ്പു നിറത്തിലോ കാണപ്പെടുന്ന ഇവയുടെ ശരീരത്തിലെ രോമം നീളം കൂടിയതാണ്. കൂടാതെ മുട്ടനാടിനെപ്പോലെ ഇവയില്‍ എല്ലാറ്റിനും താടിരോമങ്ങള്‍ ഉണ്ട്. പരന്നു നീണ്ട ചെവി, വണ്ണം കുറഞ്ഞ കൊമ്പ്, ഒതുക്കമുള്ള ശരീരം എന്നിവ ഇവയുടെ എടുത്തുപറയത്തക്ക പ്രത്യേതകളാണ്. മുട്ടനാടിന് ശരാശരി 35 കിലോഗ്രാം തൂക്കവും പെണ്ണാടിന് 25 കിലോഗ്രാം തൂക്കവും ഉണ്ടാകും. ഒരുദിവസം ഒരുലിറ്റര്‍ പാല്‍ ആണ് ശരാശരി ലഭിക്കുന്നത്. പ്രസവത്തില്‍ സാധാരണയായി ഒരു കുട്ടി മാത്രമാകും ഉണ്ടാകുക.
[courtesy: shaju poulose, saif group ]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ