പല തരം കറികള്ക്കും അത്യാവശ്യമായ ഒരു ഇല ആണ് മല്ലിഇല. അതിന്‍റെ ഇല പോലെ വേരിനും നല്ല മണമാണ്. എന്നിട്ടും വളരെ കുറച്ചു ആളുകള്‍ മാത്രമേ ഇതുവളരത്തുന്നുള്ളു. ഇതുവളര്ത്താന്‍ ബുദ്ധിമുട്ടാണെന്ന് വിചാരിച്ചിട്ടാണോ അതോ മെനക്കെടാന്‍ വയ്യെന്ന് വിചാരിച്ചിട്ടാണോ എന്ത്കൊണ്ടെന്നു അറിയില്ല. ഈ ചെടി കുറച്ചു delicate ആണെന്നത് ശരി. മാര്‍ക്കറ്റില്‍ കിട്ടുന്ന ഇല പല തരം രാസ-വിഷ പ്രയോഗം കഴിഞ്ഞതാണ് എന്നറിഞ്ഞിട്ടും പലരും ഇതു വീട്ടില്‍ വളര്ത്താന്‍ ശ്രമിക്കുന്നില്ല എന്നത് അതിശയംതന്നെ.വീട്ടില്‍വളരത്താന്‍ വലിയ ബുദ്ധിമുട്ടില്ലാത്ത ഒന്നാണ് മല്ലി. വിത്തു നേരിട്ട് പാകാം. നമ്മുടെ കാലാവസ്ഥയില്‍ ഇതുവര്ഷംമുഴുവന്‍വളരത്താന്‍ പറ്റിയതാണ്.
കൃഷി ചെയ്യേണ്ട രീതി
ആദ്യമായി നടാന്‍ പറ്റിയ സ്ഥലം കണ്ടെത്തുക. കുറേശ്ശെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം ആയിരിക്കണം. നട്ടുച്ചയ്ക്ക് നേരിട്ടുള്ള സൂര്യപ്രാകാശം വീഴുന്ന സ്ഥലം ഒഴിവാക്കുക. മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. അപ്പോള്‍ രാവിലെയും വൈകുന്നേരവും മാത്രം വെയില്‍ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും നല്ലത്.
നല്ല നീര്‍വാഴ്ചയുള്ള സ്ഥലമായിരിക്കണം. മണ്ണു നന്നായി കിളച്ചു അതിലെ കല്ലും മറ്റു പാഴ് വസ്തുക്കളും നീക്കം ചെയ്യുക. മണ്ണില്‍ പച്ചിലകളും ജൈവകമ്പോസ്റ്റും അടിവളമായി ഇടുക. മുന്പ് രാസവളം ഉപയോഗിച്ച മണ്ണു ആണെങ്കില്‍ കുറച്ചു കുമ്മായം ഇടുക. മല്ലിക്ക് വേണ്ടത് pH 6.2 നും 6.8 നും ഇടക്കാണ്.
ചട്ടിയിലാണെങ്കില്‍, മല്ലി ആണിവേര് ഉള്ള ചെടിയായതുകൊണ്ട് (കാരറ്റിന്‍റെ കുടുംബത്തില്‍ പെട്ടത്) എട്ടോ പത്തോ ഇഞ്ചു ആഴമുള്ള ചട്ടി വേണം. പിരിച്ചു നടാന്‍ പറ്റിയ ഇനമല്ലാത്തത് കൊണ്ട് വിത്തിടുന്നതിനു മുന്പ് തന്നെ ശരിയായ അടിവളംചേരത്തിരിക്കണം. മേല്മണ്ണു, മണല്‍, ചകിരിചോറു, മണ്ണിരകമ്പോസ്റ്റ്, ചാണകപൊടി, പച്ചിലകള്‍ എന്നിവകൂട്ടിയ മിശ്രിതമാണ് നല്ലത്.
വീട്ടിലെ അടുക്കളആവശ്യത്തിനു കടയിൽ നിന്നും വാങ്ങുന്ന മല്ലിവിത്ത് ഉപയോഗിക്കാം
വിത്തിടല്‍
മല്ലി വിത്ത് കണ്ടിട്ടില്ലേ? ഒരു തോടില്‍ രണ്ടു വിത്തുകള്‍ ഒട്ടിപിടിച്ചു ഒരു ഉരുണ്ട പന്ത് പോലെ ഇരിക്കും. അതിന്‍റെ തോടു കുറച്ചു കട്ടി കൂടിയതാണ്. അത്കൊണ്ട് അത് ഒരു പേപ്പറില്‍ ഇട്ടു ഒരു ഉരുളന്‍ വടി കൊണ്ട് (ചപ്പാത്തിക്കോല്‍) മേലെ ഉരുട്ടിയാല്‍ ഓരോ വിത്തും രണ്ടു വിത്തായി വേര്‍പെടും. വിത്ത് മുളക്കുന്നതിനു ധാരാളം ഈര്പ്പം വേണം. മുളക്കാന്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുക്കും. വിത്ത് ഒന്നോ രണ്ടോ ദിവസം കുതിര്ത്ത ശേഷം നടുന്നതാണ് നല്ലത്. വിത്ത് കട്ടന്‍ചായ വെള്ളതില്‍ ഇട്ടുവെച്ചാല്‍ ചായയിലെ tannin അതിന്‍റെ തോടിനെ മൃദുവാക്കും എന്നത് കൊണ്ട് വേഗത്തില്‍ മുളക്കും.
വിത്തിടുന്നതിനു രണ്ടു രീതിയുണ്ട്
മണ്ണില്‍ കാല്‍ ഇഞ്ചു താഴെ, നാലിഞ്ചു മുതല്‍ ആറിഞ്ചു അകലത്തില്‍ വരിയായി നടാം. വരികള്‍ തമ്മില്‍ അര അടി അകലം വേണം. അല്ലെങ്കില്‍ വിത്ത് മണ്ണിന്‍റെ മുകളില്‍ ഒരേ തരത്തില്‍ പരക്കുന്ന രീതിയില്‍ വിതറാം. വിത്തിന് മുകളില്‍ കാല്‍ ഇഞ്ചു കനത്തില്‍ ചകിരി ചോറോ നനുത്ത മണ്ണോ കൊണ്ട് മൂടണം. വെള്ളം സ്പ്രേ ചെയ്യണം. നനക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വെള്ളം കുത്തി ഒഴിച്ചാല്‍ വിത്ത് അവിടവിടെ ആയി പോകും.
ഈ ചെടിക്ക് മൂന്നോ നാലോ മാസം മാത്രം ആയുസ്സുള്ളതുകൊണ്ട് വിത്തിടുമ്പോള്‍ പല ബാച്ചുകളായി രണ്ടു മൂന്നു സ്ഥലത്ത് രണ്ടു മൂന്നു ആഴ്ച ഇടവിട്ടു നട്ടാല്‍ എല്ലായ്പ്പോഴും ഇല കിട്ടും.
വളം കൊടുക്കല്‍
മുളച്ചു രണ്ടിഞ്ചു ഉയരം വന്നാല്‍ വളം കൊടുക്കാന്‍ തുടങ്ങാം. വെള്ളത്തില്‍ അലിയുന്ന നൈട്രജെന്‍ വളങ്ങളാണ് നല്ലത്. വളം ഒരിക്കലും അധികമാകരുത്, അധികമായാല്‍ ഇലയുടെ മണം കുറയും. നേര്പ്പി ച്ച ചാണക വെള്ളം മാത്രം ഒഴിച്ചാലും മതി. ഏറ്റവും നല്ലത് ഫിഷ് അമിനോ ആസിഡ് ആണ്. അതൊരിക്കല്‍ മാത്രമേ കൊടുക്കാവൂ. കട്ടി കൂടിയ മിശ്രിതങ്ങള്‍ ഒഴിവാക്കുക. നെമവിര ശല്യം ഒഴിവാക്കാനാണിത്. ചെടി കുറച്ചു വലുതായാല്‍ പിന്നെ നനക്കുന്നത് കുറക്കണം. രാവില ചെറുതായി നനച്ചാല്‍ വൈകുന്നേരതെക്ക് കട ഉണങ്ങിയിരിക്കണം. ഒരിക്കലും വെള്ളം കെട്ടി നില്ക്കതരുത്.
ചെടികള്‍ കൂട്ടംകൂടി വളര്ന്നാല്‍ നന്നല്ല. അതുകൊണ്ട് ഇടക്കുള്ള ഉയരം കുറഞ്ഞ ചെടികള്‍ പറിച്ചെടുത്തു കറിക്ക് ഉപയോഗിക്കാം. ചെടികള്ക്കിടയില്‍ 8 ഇഞ്ചു ഇടം വരുന്ന രീതിയില്‍ ബാക്കിയുള്ളവയെ പറിചെടുക്കുക. ഇടയില്‍ കള വളരാന്‍ ഇട വരരുത്. കള വളരെ ചെറുതായിരിക്കുമ്പോള്‍ തന്നെ പറിച്ചു കളയുക. ചട്ടിയിലെ പോഷകം തിന്നു വളര്ന്ന ശേഷം ആ കളയെ പറിച്ചു കളഞ്ഞിട്ടെന്തു കാര്യം?
വിളവെടുപ്പ്
ചെടി നാലോ ആറോ ഇഞ്ചു ഉയരം വെച്ചാല്‍ അടിഭാഗത്തുള്ള ഇലകളോ ചെറിയ ചില്ലകളോ നുള്ളി എടുക്കാം. ഇല നുള്ളിയാല്‍ മാത്രമേ അത് വേഗം വളരൂ എന്ന് ഓര്മിക്കുക. മൂന്നില്‍ രണ്ടു ഭാഗം ഇലകളില്‍ കൂടുതല്‍ ഒരേ സമയം നുള്ളരുത്, അത് ചെടിയ്ക്ക് ക്ഷീണമാകും. ഒരിയ്ക്കല്‍ ഇല നുള്ളിയാല്‍ ചെടി വീണ്ടും കിളിര്ക്കാന്‍ തുടങ്ങും. രണ്ടു മൂന്നു ആഴ്ച കൂടുമ്പോള്‍ ഇങ്ങനെ ഇല നുള്ളാം. പിന്നീട് ചെടി പൂവിടാന്‍ തുടങ്ങും. അപ്പോള്‍ പുതിയ ഇലകള്‍ വരുന്നത് നില്ക്കും . തുടര്ന്നും ഇല വേണമെങ്കില്‍ ഉണ്ടാകുന്ന പൂക്കളെ അപ്പപ്പോള്‍ കളയണം. നമുക്ക് ഇല വേണോ അതോ അതിനെ പൂവിടാന്‍ വിടണോ എന്ന് തീരുമാനിക്കുക. പൂ ഉണങ്ങിയാല്‍ കൊത്തംബാല corriandar കിട്ടും. അത് പറിക്കാതെ ചെടിയില്‍ തന്നെ നിര്ത്തിയയാല്‍ ഉണങ്ങി താഴെ വീണു പുതിയ ചെടികള്‍ മുളച്ചു വരാന്‍ തുടങ്ങും. ചെടി രണ്ടടിവരെ ഉയരം വെയ്ക്കും.
ഇലയുടെ തീക്ഷ്ണമായ മണം കാരണം കീട ശല്യം ഇതിനു കുറവാണ്. എങ്കിലും ഈര്പ്പം അധികം ആയാല്‍ കുമിള്‍ ബാധ വരും. വെളുത്ത പൊടി പോലെ ഇലകളില്‍ നിറയും. കുമിള്‍ ബാധ വരാതിരിക്കാന്‍ നല്ല വായു സഞ്ചാരം ഉണ്ടായിരിക്കണം. ബാധ വന്ന ഇലകള്‍ അപ്പപ്പോള്‍ നുള്ളി കളയുക. ചെടിയുടെ കടക്കല്‍ എപ്പോഴും വൃത്തിയായി വെയ്ക്കണം. അവിടെ ചീഞ്ഞ ഇലകളോ പൂക്കളോ ഉണ്ടെങ്കില്‍ കുമിള്‍ ബാധ വരാന്‍ സാധ്യതയുണ്ട്. മല്ലി ഇലയുടെ നീര് acidity കുറയ്ക്കും. ശരീരത്തിന് തണുപ്പ് കൊടുക്കും. ഛര്‍ദ്ദിക്ക് ഒന്നോ രണ്ടോ ഇല വായിലിട്ടു ചവച്ചു നീരിറക്കിയാല്‍ മതി. സുഗന്ധ ദ്രവ്യം എന്ന നിലയില്‍ കറികളില്‍ ചേര്ക്കാം. ഇതു ദഹനത്തെയും സഹായിക്കും.
സാധാരണ മല്ലി പാകിയാൽ മതി. ചപ്പാത്തി കുഴൽ കൊണ്ട് അല്ലെങ്കിൽ അത് പോലെ ഉള്ള എന്തേലും വസ്തു കൊണ്ട് മല്ലി വിത്ത് മൃദുവായി പൊട്ടിച്ച ശേഷം പാകാവുന്നതാണ്. വളരെ വേഗം മുളയ്ക്കുന്ന ഒരു വിത്താണ്. മാറ്റി നട്ടാൽ വളരാൻ ബുദ്ധിമുട്ടാണ് അത് കൊണ്ട് വളരേണ്ട സ്ഥലത്ത് തന്നെ നേരിട്ടാണ് സാധാരണ വിത്ത് നടുന്നത്. നല്ല വളർച്ച കിട്ടാൻ ചെടികൾ തമ്മിൽ 5 cm അകലം വേണം. അത് കൊണ്ട് മുളച്ചു അഞ്ചാറ് ഇല ആകുമ്പോൾ ഇടയ്ക്കു നിന്ന് തൈകൾ പറിച്ചു മാറ്റി ഉപയോഗിക്കാം. ബാക്കി ഉള്ളവ നന്നായ് വളരും. രണ്ടു ആഴ്ച കൊണ്ട് ഉപയോഗിക്കാൻ പറ്റും. പൂത്തു തുടങ്ങിയാൽ പൂവ് നുള്ളി കളയണം. ഒരെണ്ണം പൂത്താൽ കൂട്ടത്തിൽ ഉള്ള മുഴുവൻ ചെടികളും പൂക്കും. വിത്ത് ശേഖരണം വേണമെങ്കിൽ കുറച്ചു വിത്ത് വേറെ ചട്ടിയിൽ നട്ട് പൂക്കാൻ അനുവദിക്കണം.ചാണകം കലക്കി ഒഴിക്കുന്നത് വളർച്ചക്ക് ഉത്തമം.
[courtesy: sudhakar saif whatsap group ]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ