നല്ലൊരു ചക്കക്കാലം സ്വപ്നംകണ്ട കച്ചവടക്കാർക്ക് ഇത്തവണ പറയാനുള്ളത് നഷ്ടത്തിന്റെ കണക്കുമാത്രം. ലോക്ക്ഡൗൺ കാരണം മറ്റു സംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതി ഇത്തവണ മുടങ്ങും.
ഇടിച്ചക്കപ്രായമാകുമ്പോൾതന്നെ സ്ഥലമുടമയ്ക്ക് മുൻകൂർ പണംനൽകി കച്ചവടക്കാർ മുഴുവൻ ചക്കയും പറഞ്ഞുറപ്പിക്കാറുണ്ട്. മൂപ്പെത്തുന്ന സമയത്ത് പറിച്ചെടുത്ത് വിപണിയിലെത്തിക്കുകയും ചെയ്യും.
കഴിഞ്ഞവർഷം ഒരു ചക്കയ്ക്ക് 35 രൂപ നിരക്കിലാണ് വീടുകളിൽനിന്ന് കച്ചവടക്കാർ ശേഖരിച്ചത്. അങ്കമാലിയിലെ മൊത്തവിതരണക്കാർ വഴിയും മറ്റു ജില്ലകളിലെ ഇടനിലക്കാർ വഴിയുമാണ് ഇതരസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കയറ്റി അയച്ചിരുന്നത്. ലോക്ക്‌ഡൗൺ വന്നതോടെ ഈവർഷത്തെ കേരളത്തിലെ ചക്കയുടെ കയറ്റുമതി പൂർണമായും നിലച്ചു.
കേരളത്തിൽ ജനുവരി പകുതിമുതൽ ജൂൺ വരെയാണ് ചക്ക സീസൺ. ആദ്യ വിളവെടുപ്പിൽ ലഭിക്കുന്ന ചക്കകൾക്ക് മധുരവും വലിപ്പവും കൂടും. ഏപ്രിൽ, മേയ് മാസമാകുമ്പോഴേക്കും വേനൽമഴ തുടങ്ങുന്നതോടെ ചക്കയിൽ വെള്ളമിറങ്ങി അതിന്റെ ഗുണമേൻമയും മധുരവും നഷ്ടമാകാനും തുടങ്ങും. അതുകൊണ്ടുതന്നെ മാർച്ച് മാസത്തിൽ വിളവെടുക്കുന്ന ചക്കയ്ക്ക് വിപണിയിൽ നല്ല വിലകിട്ടും.
ഓരോവർഷവും കേരളത്തിൽനിന്ന് കയറ്റുമതിചെയ്യുന്നത് 50,000 ടണ്ണിന് മുകളിലാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള വരിക്കച്ചക്കകൾക്ക് ഇതര സംസ്ഥാനങ്ങളിൽ ആവശ്യക്കാർ ഏറെയാണ്. വയനാട് ജില്ലയിലെ പഴംചക്കയുടെ കുരുവിന് തമിഴ്നാട്ടിൽ നല്ല വില ലഭിക്കുമെന്നും കച്ചവടക്കാർ പറയുന്നു. ഉത്തരേന്ത്യക്കാർ ചക്ക പച്ചക്കറിയായാണ് ഉപയോഗിക്കുന്നത്. ‘ഡമ്മി മീറ്റ്’ എന്നപേരിൽ ഇറച്ചിയുടെ പകരക്കാരനായിട്ടാണ് അവർ മൂപ്പെത്തിയ ചക്കയെ കാണുന്നത്. കേരളത്തിൽനിന്ന് ചക്ക അവിടെയെത്തുമ്പോഴേക്കും കിലോയ്ക്ക് 300 മുതൽ 400 രൂപ വരെ ലഭിക്കും.
കേരളത്തിൽനിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാൻ വാഹനങ്ങൾക്ക് പാസും എല്ലാ സഹായവും സംസ്ഥാന കൃഷിവകുപ്പ് ചെയ്യാൻ തയ്യാറാണ്. നിലവിലെ സാഹചര്യത്തിൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്ന് വർഷങ്ങളായി ചക്കക്കച്ചവടം ചെയ്യുന്ന മലപ്പുറം അരിപ്രയിലെ വലിയതൊടി മുഹമ്മദാലി പറയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ