നനയ്ക്കുന്ന തെങ്ങുകൾക്ക് ഈ മാസം വളം ചേർക്കണം. നാടൻതെങ്ങിന് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 500, 400, 500 ഗ്രാം വീതവും ഉൽപാദനശേഷി കൂടിയവയ്ക്ക് 550, 625, 835 ഗ്രാം വീതവും. ഒരു വർഷം വരെ പ്രായമായവയ്ക്ക് ഇതിന്റെ മൂന്നിലൊന്നും രണ്ടു വർഷം പ്രായമായതിന് മൂന്നിൽ രണ്ടും മതി. മൂന്നാം വർഷം മുതൽ മുഴുവൻ അളവും നൽകാം. ക്രമമായ വളപ്രയോഗമുള്ള തെങ്ങിന് ഈ മാസം റോക്ക് ഫോസ്ഫേറ്റ് ഒഴിവാക്കാം.
ഡിസംബർ അവസാന വാരം നന തുടങ്ങാം. തുള്ളിനനയാണെങ്കിൽ തെങ്ങൊന്നിന് ദിവസം 40–60 ലീറ്റർ തടത്തിന്റെ നാലു വശത്തും ചെറുകുഴികളെടുത്ത് അതിൽ ചപ്പുചവർ നിറച്ച് നനയ്ക്കാം. തടത്തിൽ വെള്ളം തുറന്നുവിടുകയാണെങ്കിൽ 300 ലീറ്റർ വെള്ളം അഞ്ചു ദിവസം ഇടവിട്ട് കൊടുക്കുക.
വെട്ടുകല്ലുള്ള മണ്ണില്‍ തെങ്ങിൻതൈ നടാൻ ഉദ്ദേശിക്കുന്നുവെങ്കിൽ കുഴിയെടുത്തു രണ്ടു കിലോ കല്ലുപ്പ് ഇടുക. ആറുമാസം കഴിയുമ്പോൾ വെട്ടുകല്ല് ദ്രവിക്കും. അപ്പോൾ കുഴി വലുതാക്കി മേൽമണ്ണിറക്കി തൈ നടുക. ഈ മാസം തടങ്ങളിൽ പുതയിടുക.
ചെമ്പൻചെല്ലിയുടെ ഉപദ്രവം ചെറുതെങ്ങുകളിൽ പ്രതീക്ഷിക്കാം. തടിയിലുണ്ടാക്കിയ സുഷിരങ്ങളിലൂടെ ചണ്ടി പുറത്തു വരുന്നത് ലക്ഷണം. എല്ലാ സുഷിരങ്ങളും അടച്ചശേഷം ഏറ്റവും മുകളിലത്തെ സുഷിരത്തിലൂടെ ഇക്കാലക്സ് എട്ടു മില്ലി, രണ്ടു ലീറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുക. തുടർന്ന് സുഷിരം അടയ്ക്കുക.
കൊമ്പൻചെല്ലിയെ നശിപ്പിക്കാൻ ചെല്ലിക്കോൽ ഉപയോഗിക്കുക. ഓലക്കവിളുകളിൽ കീടനാശിനി നിറയ്ക്കരുത്. പകരം മണലും കല്ലുപ്പും മതി. അല്ലെങ്കിൽ നാഫ്തലിന്റെ നാലു ഗുളികകൾ മുകളിലത്തെ ഒന്നു രണ്ട് ഓലക്കവിളുകളിൽ നിക്ഷേപിക്കുക.
മച്ചിങ്ങ, വെള്ളയ്ക്ക എന്നിവയിൽനിന്ന് നീരൂറ്റിക്കുടിക്കുന്ന കീടമാണ് പൂങ്കുലച്ചാഴി. ഇതിന്റെ ആക്രമണമുള്ള തെങ്ങിൽ ഇക്കാലക്സ് 2 മില്ലി, ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് തളിക്കുക. പരാഗണം നടക്കുന്ന പൂങ്കുല ഒഴിവാക്കണം. മീലിബഗിനെതിരെ ഇക്കാലക്സ് രണ്ടു മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു ചേർത്തു തളിക്കുക.
ചെന്നീരൊലിപ്പ് കാണുന്ന ഭാഗത്തെ തൊലി ചെത്തി മാറ്റി ബോർഡോ കുഴമ്പോ ഉരുകിയ ടാറോ തേയ്ക്കുക. പകരം 25 ഗ്രാം ട്രൈക്കോഡേർമ കൾച്ചർ വെള്ളത്തിൽ കുഴച്ച് തേയ്ക്കാം, 50 മീ.ലീ കോണ്ടാഫ് 25 ലീറ്റർ വെള്ളത്തിൽ കലക്കി നനവുള്ള തടത്തിൽ ഒഴിക്കുന്നതു വഴി ഈ രോഗത്തെ പെട്ടെന്നു നിയന്ത്രിക്കാം.
നെല്ലിനു പോളരോഗം രോഗങ്ങളെയും കീടങ്ങളെയും ശ്രദ്ധിക്കുക. പോളരോഗവും പോള അഴുകലും പ്രധാനം. ഇവയെ പ്രതിരോധിക്കാൻ, നന്നായി നിറഞ്ഞ മണികൾ മാത്രം വിത്തായി ഉപയോഗിക്കുക. ധാരാളം ജൈവ വളം ചേർക്കുക, രാസവളം മിതമായി പല തവണ ചേർക്കുക. നടീലിനു മുൻപ് ട്രൈക്കോഡേർമ കൾച്ചർ രണ്ടര കിലോ, 50 കിലോ ചാണകപ്പൊടിയുമായി ചേർത്ത് ജീവാണുക്കള്‍ വളരുന്നതോടെ, പാടത്തു വിതറുക. വിത്ത് കുതിർക്കുന്ന വെള്ളത്തിൽ ഒരു കിലോ വിത്തിന് 10 ഗ്രാം എന്ന കണക്കിന് സ്യൂഡോമോണാസ് കലർത്തുക.
ഞാറ് നടുന്നതിനു മുൻപ് സ്യൂഡോമോണാസ് ലായനിയിൽ വേര് അര മണിക്കൂർ മുക്കിവയ്ക്കുക. കൂടാതെ, നട്ട് ഒരു മാസം കഴിഞ്ഞു സ്യൂഡോമോണാസ് ലായനി (10–15 ഗ്രാം സ്യൂഡോമോണാസ് ഒരു ലീറ്റർ വെള്ളത്തിൽ തളിക്കുക. മണ്ണുത്തിയിലെ ബയോ കൺട്രോളർ ലാബ് (0487–2374605), കാർഷിക സർവകലാശാലാ വിപണനകേന്ദ്രം (0487–2370540), ചില കൃഷി വിജ്ഞാനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്യൂഡോമോണാസ് ലഭിക്കും. കുമിൾനാശിനികളിൽ ബാവിസ്റ്റിൻ 200 ഗ്രാം, 200 ലീറ്റർ വെള്ളത്തിൽ ചേർത്ത് ഒരേക്കറിൽ എന്ന തോതിൽ തളിക്കുന്നത് രാസനിയന്ത്രണ മാർഗമാണ്.
കീടങ്ങളിൽ ഓലചുരുട്ടി, തണ്ടുതുരപ്പൻ, മുഞ്ഞ, ചാഴി എന്നിവ കാണാം. ട്രൈക്കോഡേർമ കാർഡുകൾ ഉപയോഗിച്ച് ഓലചുരുട്ടി, തണ്ടുതുരപ്പൻ എന്നിവയെ നിയന്ത്രിക്കാം. രാസമാർഗത്തിലൂടെ ഓലചുരുട്ടിയെ നിയന്ത്രിക്കുന്നതിന് ഓലയുടെ മടക്കുകൾ മുള്ളുവടികൊണ്ട് വലിച്ച് നിവര്‍ത്തി ഇക്കാലക്സ് രണ്ടു മില്ലി ഒരു ലീറ്റർ വെളളത്തിൽ എന്ന കണക്കിനു തളിക്കാം. കഴിവതും പ്രതിരോധശക്തിയുള്ള ഇനങ്ങൾ നട്ട് തണ്ടുതുരപ്പനെ പ്രതിരോധിക്കണം. ഇവ ഇലയുടെ അഗ്രഭാഗത്ത് കൂട്ടംകൂട്ടമായി മുട്ടയിടും. അതിനു മുകളിൽ രോമക്കുപ്പായവും ഉണ്ടാവും. ഇങ്ങനെ കാണുന്ന മുട്ടക്കൂട്ടത്തെ ഇല മുറിച്ചെടുത്ത് നശിപ്പിക്കുക. കീടനാശിനികളിൽ ലെബാസിഡ്, ഇക്കാലക്സ് എന്നിവയിലൊന്ന് രണ്ടു മി.ലീ, ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു ചേർത്ത് തളിക്കുക.
മുഞ്ഞയുടെ ഉപദ്രവം ഉണ്ടാകാറുള്ള നിലങ്ങളിൽ കഴിവതും പ്രതിരോധശക്തിയുള്ള ഇനങ്ങൾ നടുക, ഉമ, പവിത്ര, രമണിക, കരിഷ്മ, ഗൗരി എന്നിവ നന്ന്. പുറമേനിന്നു തുടങ്ങി ഉള്ളിലേക്കു തളിച്ചാണ് ഈ കീടത്തെ നിയന്ത്രിക്കേണ്ടത്. ജൈവ മാർഗത്തിൽ ചാഴിയെ നിയന്ത്രിക്കാൻ ഫിഷ് അമിനോ ആസിഡ് ഫലപ്രദം.
കമുക്
ഈ മാസം അവസാനത്തോടെ നന തുടങ്ങാം. 100–125 ലീറ്റർ വെള്ളം അഞ്ചു ദിവസം ഇടവിട്ട്, വെള്ളം കുറവാണെങ്കിൽ തുള്ളി നനയുമാകാം. തെക്കൻവെയിലേറ്റ് തൈകളുടെ തടി പൊള്ളാതിരിക്കാൻ ഓലകൊണ്ട് പ്രായമായ തൈകളുടെ തടിയിൽ വെള്ളപൂശിയാലും മതി. വിത്തടയ്ക്ക ശേഖരിക്കാനും പാകാനും സമയമായി. വാഴ, കുരുമുളക്, ഒട്ടുജാതി, തീറ്റപ്പുല്ല്, കിഴങ്ങുവർഗങ്ങൾ, മരുന്നുചെടികൾ എന്നിവ കമുകിനു പറ്റിയ ഇടവിളകളാണ്.
കശുമാവ്
തേയിലക്കൊതുകും ആന്ത്രാക്നോസും ഈ മാസം കശുമാവിന് പ്രധാന ശത്രുക്കൾ. ഇവയുടെ ഉപദ്രവം മൂലം വിളവ് പകുതിയാകും. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ചൂടു കൂടുന്നതോടെ തേയിലക്കൊതുകിന്റെ എണ്ണം പെരുകും. കശുമാവിന് വ്യാപകമായ കരിച്ചിൽ വരുന്നതാണ് ആന്ത്രാക്നോസ്. ഇളം തണ്ട്, തളിരില, പിഞ്ചണ്ടി എന്നിവയാണ് ആക്രമണവിധേയമാകുന്നത്. തേയിലക്കൊതുകിന്റെ കുത്തേറ്റ മുറിവിലൂടെയാണ് ഈ കുമിൾ അകത്തു കടക്കുന്നത്. തണ്ടിനുള്ളിൽ കടന്നാൽ ആ ഭാഗത്ത് കടും തവിട്ടു നിറത്തിൽ പാടുകൾ കാണാം. ഈ പാടുകളിൽനിന്ന് ഒരു ദ്രാവകം ഒലിച്ചിറങ്ങി ഉണങ്ങി തിളങ്ങുന്ന കട്ടയായി മാറും. ക്രമേണ തണ്ടും ഉണങ്ങും. ആന്ത്രാക്നോസും തേയിലക്കൊതുകും ഒന്നിച്ചു വന്നാലുള്ള നിയന്ത്രണം താഴെ:
പുഷ്പിക്കൽ സമയം: ഇക്കാലക്സ് 25 ഇ.സി. രണ്ടു മി.ലീ / ലീറ്റർ = മാങ്കോസെബ് രണ്ടു ഗ്രാം / ലീറ്റർ.
പിഞ്ചണ്ടി പ്രായം: സെവിൻ (50%) 4 ഗ്രാം / ലീറ്റർ, സെവിൻ ലഭ്യമല്ലെങ്കിൽ ഇക്കാലക്സ് ഉപയോഗിക്കാം.
തടിതുരപ്പന്റെ ഉപദ്രവം ശ്രദ്ധിക്കുക. തടിയുടെ ചുവടുഭാഗത്തും വേരിലും സുഷിരവും അതിലൂടെ ചണ്ടി പുറത്തേക്ക് വരുന്നതും ലക്ഷണങ്ങൾ. വേനൽ കഠിനമാകുന്നതോടെയാണ് ആക്രമണം. മൂർച്ചയുള്ള ഉളികൊണ്ട് സുഷിരം വൃത്തിയാക്കി പുഴു തിന്നുപോയ വഴി പിന്തുടർന്ന് അതിനെ പുറത്തെടുത്ത് കൊല്ലുക.
റബർ
ഈ മാസം ചെറുതൈകൾക്ക് തണൽ നൽകാം. വെയിൽ ശക്തമായ തോട്ടങ്ങളിൽ നാലു വർഷം വരെ പ്രായമായ തൈകളുടെ കട മുതൽ കവര വരെ ചുണ്ണാമ്പു ലായനി പൂശാം. ഒരു വർഷത്തിനു താഴെ പ്രായമുള്ള ചെറുതൈകൾക്ക് തെക്കുപടിഞ്ഞാറൻ വെയിലിനെതിരെ മെടഞ്ഞ തെങ്ങോലകൊണ്ട് തണൽ കൊടുക്കണം. തോട്ടങ്ങളിൽ തീപിടിത്തം ഉണ്ടാകാതിരിക്കാൻ ഫയർബെൽറ്റ് ഉണ്ടാക്കുക.
കുരുമുളക്
നേരത്തേ മൂപ്പെത്തുന്ന ഇനങ്ങൾ ഈ മാസം അവസാനത്തോടെ വിളവെടുക്കാം. ഒരു കൊടിയിലെ പല തിരികളിലായി മണികൾ പഴുത്തു കണ്ടാൽ വിളവെടുക്കാം. കൊടിയുടെ ചുവട്ടിൽ കനത്തില്‍ പുതയിട്ട് വേനലിനെ ചെറുക്കുക.
ഇഞ്ചി
വിളവെടുപ്പ് തുടങ്ങുന്നു. കേടില്ലാത്ത വാരങ്ങളില്‍നിന്നു വിത്തിഞ്ചി ശേഖരിക്കുക. മണ്ണും വേരും നീക്കി കുമിൾനാശിനിയിൽ മുക്കിവച്ചാൽ കേടില്ലാതെ സൂക്ഷിക്കാം. ഇതിന് ഡൈത്തേൻ എം–45 ഏഴു ഗ്രാം, മാലത്തയോൺ രണ്ടു മി.ലീ. എന്നിവ ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു കലർത്തി ലായനിയുണ്ടാക്കി വിത്തിഞ്ചി അതിൽ അര മണിക്കൂർ കുതിർക്കണം. തുടർന്ന് തണലത്ത് നിരത്തി വെള്ളം വാർത്ത് നനവ് മാറ്റിയ ശേഷം സൂക്ഷിക്കുക.
ജൈവകൃഷിയാണെങ്കിൽ കുമിൾനാശിനിയും കീടനാശിനിയും പാടില്ല. പകരം ചാണകവെള്ളത്തിൽ മുക്കി തോർന്ന ശേഷം സൂക്ഷിക്കണം. ആവശ്യാനുസരണം വലുപ്പത്തിൽ കുഴിയെടുത്ത് അടിയിൽ മണലോ അറക്കപ്പൊടിയോ വിരിച്ച് ഇഞ്ചി അതിൽ നിരത്തുക. മണ്ണുമായി ബന്ധപ്പെടരുത്. പാണലിന്റെ ചില്ലകൾ അടിയിലും മുകളിലും നിരത്തുന്നത് ഇക്കാലത്ത് കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും. ഇഞ്ചി നനയാതെ സൂക്ഷിക്കുന്നതിന് മേൽക്കൂര ഉണ്ടാകണം.
മഞ്ഞൾ
വിളവെടുപ്പ് തുടങ്ങുന്നു. രോഗബാധയില്ലാത്ത വാരങ്ങളിൽനിന്നു വിത്തിന് മഞ്ഞൾ ശേഖരിക്കുക. വേരും മണ്ണും നീക്കം ചെയ്ത് വിത്ത് കേടുകൂടാതെ സൂക്ഷിക്കുക. മഞ്ഞൾവിത്ത് നനയാതെ സാധാരണ തറയിലോ കുട്ടയിലോ ഉമിയിലാണ് സൂക്ഷിക്കുക.
ഏലം
പുതിയ തോട്ടങ്ങളിൽ കളയെടുപ്പും പുതവയ്ക്കലും നിലവിലുള്ള തോട്ടങ്ങളിൽ വിളവെടുപ്പും സംസ്കരണവും. മണ്ണിലെ ഈർപ്പം കുറയുന്നതനുസരിച്ച് നേരിയ തോതിലുള്ള നന. ഏലപ്പേനിനെതിരേ നവംബർ ആദ്യത്തിനു ശേഷം കീടനാശിനി സ്പ്രേ ചെയ്തിട്ടുണ്ടെങ്കിൽ ഈ മാസം വേണ്ട.
ജാതി
പ്രധാന വിളവെടുപ്പ് തുടങ്ങുന്നു. വിളഞ്ഞ കായ്കൾ പൊട്ടി ജാതിപത്രിയും വിത്തും പുറമേ കാണുമ്പോഴാണ് വിളവെടുപ്പ്. ജാതിക്ക് ആഴ്ചയിൽ ഒരു കനത്ത നന, വിത്തിനെടുക്കുന്ന ജാതിക്ക തൊണ്ടും ജാതിപത്രിയും മാറ്റി ഉടനെ മണലിൽ പാകണം.
ഗ്രാമ്പൂ
വിളവെടുപ്പ് തുടരുന്നു. പൂക്കളുടെ പച്ചനിറം മാറി ഇളം ചുവപ്പ് നിറമാകുന്നതോടെ വിളവെടുക്കുകയാണ് പതിവ്. വിളവെടുത്ത പൂക്കൾ നിരയായി നാലഞ്ചു ദിവസം വെയിലത്ത് ഉണക്കുക. ആഴ്ചയിൽ ഒരു കനത്ത നന, ജലസംഭരണശേഷി കുറഞ്ഞ മണ്ണാണെങ്കിൽ ആഴ്ചയിൽ രണ്ടു നനയാകാം.
മാവ്
കണ്ണിമാങ്ങാ നന്നായി പിടിക്കുന്നതിന് ഹോർമോൺ ചികിത്സ നടത്താറുണ്ട്. കണ്ണിമാങ്ങാ വിരിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ് നാഫ്തലിൻ അസറ്റിക് ആസിഡ് 30 മി.ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനാണ് സ്പ്രേ ചെയ്യുക. എൻ.എ.എ. വെള്ളത്തിൽ ലയിക്കുന്ന രൂപമല്ലെങ്കിൽ അൽപം ആൽക്കഹോളിൽ ലയിപ്പിച്ച് വെള്ളം കൊണ്ട് നേർപ്പിച്ചു തളിക്കാം.
മാവിനു ചുവട്ടിൽ പുകയ്ക്കുന്നതും പൂക്കാനും കായ്ക്കാനും ഉപകരിക്കും. കണ്ണിമാങ്ങാ വളർന്നു തുടങ്ങുന്നതോടെ നന തുടങ്ങിയാല്‍ മതി. മുതിർന്ന മരങ്ങളിൽ കനത്ത വിളവിന് ഇതുപകരിക്കും. പൂക്കളെയും പൂങ്കുലകളെയും ഉണ്ണിമാങ്ങകളെയും നശിപ്പിക്കുന്ന കീടങ്ങൾക്കെതിരേ മാലത്തയോൺ 2 മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് സ്പ്രേ ചെയ്താൽ മതി. മാലത്തയോണിന്റെ ലായനിയിൽ അൽപം പഞ്ചസാര ലയിപ്പിച്ച് സ്പ്രേ ചെയ്യുന്നത് കൊള്ളാം. തളിരിലകൾ വെട്ടുന്ന കീടവും ഇങ്ങനെ നശിച്ചുകൊള്ളും.
വാഴ
നട്ട് ഒരു മാസമായ നേന്ത്രന് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 90–325 –100 ഗ്രാം വീതം ഓരോന്നിനും ചേർക്കണം. രണ്ടു മാസമായതിന് 65–250–100 ഗ്രാം വീതവും. ഈ മാസം നന തുടങ്ങാം. ഒരു നനയ്ക്ക് 40 ലീറ്റർ വെള്ളം.
പൈനാപ്പിൾ
പൈനാപ്പിൾ കൃഷിയെപ്പറ്റി കൂടുതൽ അറിയാൻ വെള്ളാനിക്കര (0487–2373242), വാഴക്കുളം (0485–2260832), പൈനാപ്പിൾ ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക.
തയാറാക്കിയത്: ഡോ: പി.എ. ജോസഫ് കേരള കാർഷിക സർവകലാശാല പ്രഫസർ (റിട്ട). ഫോൺ : 949505444
6
6
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ