ഔഷധ സസ്യങ്ങളുടെ പോറ്റമ്മയും ഒറ്റമൂലി ചികിൽസാരംഗത്തെ പ്രസിദ്ധയുമാണ് അറുനൂറോളം ഔഷധ സസ്യങ്ങളുടെ ഉടമയും കാവൽക്കാരിയുമായ നാട്ടുകാരുടെ പ്രിയപ്പെട്ട അന്നമ്മ ദേവസ്യ ചേടത്തി. നാട്ടറിവിന്റെയും ഒറ്റമൂലികളുടെയും എൻസൈക്ലോപീഡിയയായി മാറിയ ‘ചെടിയമ്മ’ ഇപ്പോൾ പക്ഷി നിരീക്ഷണത്തിലും തൽപരയാണ്.
ഓർമകളിൽ നിന്ന് അറുനൂറിലേറെ ഒറ്റമൂലികൾ ചികഞ്ഞെടുക്കുന്ന ഇവർ സോറിയാസിസ്, മഞ്ഞപ്പിത്തം, വാതം ഉൾപ്പെടെയുള്ള ഒട്ടേറെ രോഗങ്ങൾ ഭേദമാക്കുന്നതിൽ വിദഗ്‌ധയുമാണ്. ആയുർവേദ ഗവേഷകരും ആദിവാസി വൈദ്യൻമാരും കൃഷിവകുപ്പ് ഉദ്യോഗസ്‌ഥരും അന്നമ്മച്ചേടത്തിയെ തേടിയെത്തുന്നു. ഔഷധ സസ്യങ്ങളുടെ ഗന്ധവും സുഗന്ധവും മാത്രമല്ല അന്നമ്മച്ചേടത്തിയുടെ അറിവ്, അവയുടെ ഗുണവും ഔഷധമൂല്യവും പ്രയോഗരീതികളുമൊക്കെ കോഴിക്കോട് ജില്ലയിലെ വാലില്ലാപ്പുഴ മൂത്തേടത്ത് സ്വദേശിനിയായ ഇവർക്കു കാണാപ്പാഠമാണ്.
കോട്ടയം ജില്ലയിലെ ആനിക്കാട്ടുനിന്നാണ് അന്നമ്മ ദേവസ്യയും കുടുംബവും കുടിയേറിയത്. അന്നമ്മച്ചേടത്തിയെ അറിയാത്തവരായി മലയോര മേഖലയിൽ ആരും ഉണ്ടാവില്ലെന്നുതന്നെ പറയാം. ഇതുകൊണ്ടുതന്നെ വാലില്ലാപ്പുഴയിലെ മൂത്തേടത്തെ വീടും എല്ലാവർക്കും മനഃപാഠം. ഔഷധ സസ്യങ്ങളെക്കുറിച്ചും അവയുടെ ഉപയോഗരീതിയെക്കുറിച്ചും 13 വർഷം കോഴിക്കോട്ടെ ജനശിക്ഷൻ കേന്ദ്രത്തിൽ ക്ലാസെടുത്തു. റിസോഴ്‌സ് പഴ്‌സനായിരുന്ന ഇവർക്ക് 15 വർഷം തികച്ചാൽ പെൻഷൻ നൽകാമെന്നു പറഞ്ഞെങ്കിലും 13 വർഷം കഴിഞ്ഞപ്പോൾ ക്ലാസ് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർവിദ്യാഭ്യാസ കേന്ദ്രങ്ങൾ വഴിയാണ് ക്ലാസുകൾ നടത്തിയിരുന്നത്. സഞ്ചരിക്കുന്ന സസ്യവിജ്‌ഞാനകോശമായി അറിയപ്പെടുന്ന അന്നമ്മ ദേവസ്യ ഇപ്പോൾ മൂന്നര വർഷത്തോളമായി മുക്കത്തെ ഹൈലൈഫ് ആയുർവേദ ആശുപത്രിയിൽ ചികിൽസയും ഔഷധസസ്യത്തോട്ടവുമെല്ലാമായി കഴിയുകയാണ്.
എൺപതു കഴിഞ്ഞെങ്കിലും പ്രായം അന്നമ്മച്ചേടത്തിയെ തളർത്തുന്നില്ല. ഔഷധ സസ്യച്ചെടികളിൽ പുത്തൻ പരീക്ഷണങ്ങളിലും ഇവർ മുഴുകുന്നു. സ്വന്തം തോട്ടത്തിലെ സസ്യങ്ങൾ ഉപയോഗിച്ച് ഔഷധ സോപ്പ്, വിവിധ രോഗങ്ങൾക്കുള്ള എണ്ണകൾ, ഗുളികകൾ എന്നിവയും നിർമിക്കുന്നു. ഔഷധ ചെടികളെക്കുറിച്ച് പഠിപ്പിക്കാൻ 1991 മുതൽ ഇവർ രംഗത്തുണ്ട്. ക്ലാസെടുക്കാൻ പോകുമ്പോൾ ഒപ്പം ചെടികളും കൊണ്ടുപോകും. പാരമ്പര്യമായി കിട്ടിയതാണ് കഴിവുകളെന്ന് അന്നമ്മച്ചേടത്തി പറയുന്നു. അറിയപ്പെടുന്ന നാട്ടുവൈദ്യനായിരുന്നു വല്യപ്പൻ ഇല്ലിക്കൽ ഇസ്‌ഹാഖ്. മാറാരോഗങ്ങൾ ഒറ്റമൂലികൊണ്ടു മാറ്റുന്ന അറിവ് വല്യപ്പനിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്.
പ്രകൃതിയെ മരുന്നാക്കി മാറ്റി, ഒറ്റമൂലിയുടെ കൈപ്പുണ്യവുമായി ഉയർച്ചയുടെ പടവുകൾ കയറുന്ന ഇവർ പച്ചമരുന്ന് നഴ്‌സറിയും ആരംഭിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, മുക്കത്തെ ബി.പി. മൊയ്‌തീൻ സേവാമന്ദിർ, ഹരിതാമൃതം തുടങ്ങിയവ ഔഷധസസ്യസ്‌നേഹിയായ ഇവരെ ആദരിച്ചിട്ടുണ്ട്. നേരത്തെ മുക്കത്തെ ബി.പി. മൊയ്‌തീൻ സേവാമന്ദിറായിരുന്നു അന്നമ്മ ദേവസ്യയുടെ തട്ടകം. ഇവിടെ നിന്ന് ഒട്ടേറെ കുടുംബങ്ങൾക്ക് ഔഷധ സസ്യങ്ങളുടെ നാട്ടറിവു മാത്രമല്ല ഇവർ കുറിച്ചുനൽകിയത്, സ്‌നേഹത്തിന്റെ അമൃതുമാണ്.
ദേശാടനപ്പക്ഷികളുടെ ദിനത്തിൽ കോൾനിലങ്ങളിലും ചെറുകായലുകളിലും വിരുന്നിനെത്തുന്ന ദേശാടനപ്പക്ഷികളെ നിരീക്ഷിച്ച സ്‌ത്രീകളുടെ കൂട്ടായ്‌മയിലും പക്ഷിനിരീക്ഷകയായ അന്നമ്മച്ചേടത്തി ഉണ്ടായിരുന്നു. സ്‌ത്രീ കൂട്ടായ്‌മയിലെ ഏറ്റവും പ്രായംചെന്ന സ്‌ത്രീയും ഇവർതന്നെ. ദേശാടനപ്പക്ഷികളെത്തുന്ന തൃശൂരിലെ ഏനമ്മാവ് കോൾ പാടം, പുഴക്കൽ പാടം, മുള്ളൂർ കായൽ എന്നിവിടങ്ങളിലായിരുന്നു പക്ഷിനിരീക്ഷണം.
ഔഷധ സസ്യങ്ങളും അവയുടെ ഉപയോഗരീതിയും എന്നതിനെക്കുറിച്ച് പല പുസ്‌തകങ്ങളും ഇവർ എഴുതിയിട്ടുണ്ട്. പ്രകൃതിയുടെ വരദാനമായ വൃക്ഷലതാദികളുടെ ഗുണങ്ങൾ നാട്ടുകാരെ അറിയിക്കുക എന്നതായിരുന്നു പുസ്‌തകങ്ങളുടെ ലക്ഷ്യം. കുരുമുളകിന്റെ ഒരു തുള്ളി എസൻസ് ചാലിച്ചുനൽകിയാൽ മതി, ഏതു വിഷവും പമ്പകടക്കും. പക്ഷേ, ഡിഡിടി അടിച്ചതാവരുത്– ഇവർ പറയുന്നു.
Add caption |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ