ഭര്‍ത്താവ് തങ്കച്ചന് ഓഫീസില്‍ പോകും, മകന് ആന്റോയും മകള്‍ മരിയയും കോളജിലേക്കും. പിന്നെ ഷൈജിയെന്ന വീട്ടമ്മയ്ക്ക് ആകെ ബോറടിയാണ്. എന്തെങ്കിലും ചെയ്ത് സമയം കൊല്ലണമെന്ന് തോന്നിയപ്പോഴാണ് അരൂരില്‍ റൂറല്‍ ട്രെയിനിങ് ടെക്നോളജി സെന്ററില്ച്ചേര്ന്ന് കൂണ്‍കൃഷി പഠിച്ചത്. ഒരു തമാശയ്ക്ക് കൂണുകള്‍ സ്വയം കൃഷി ചെയ്തു തുടങ്ങി. സംഗതി ക്ലിക്ക് ചെയ്തു. ഇപ്പോള്‍ പ്രതിമാസം പതിനായിരത്തിലേറെ രൂപ കൂണ് കൃഷിയില്‍നിന്ന് വരുമാനമുണ്ട്. മട്ടുപ്പാവില്‍ നിറയെ പച്ചക്കറിക്കൃഷി, വീട്ടുവളപ്പില്‍ നിറയെ അലങ്കാരക്കൃഷി... ഷൈജിക്ക് നേരം പോകാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലായിരുന്നു പണ്ട്. എന്നാലിപ്പോള്‍ നേരം പോരെന്നാണ് പരാതി. കൂണ് കൃഷിയുടെ പുതിയ സാങ്കേതിക വിദ്യകള്‍ ഹൃദിസ്ഥമാക്കുന്നതിനൊപ്പം കൂണ് ഉപയോഗിച്ച് പുതിയ വിഭവങ്ങളുണ്ടാക്കാനും ഷൈജിക്ക് താല്പര്യമേറെയാണ്. കട്ലെറ്റ്, ബ്രഡ്റോള്‍, സൂപ്പ്, അച്ചാര്‍, ചമ്മന്തിപ്പൊടി, തീയല്‍, തോരന്‍ എന്നിങ്ങനെ കൂണ് എല്ലാറ്റിനും വഴങ്ങുമെന്നാണ് ഈ വീട്ടമ്മ പറയുന്നത്. ജോലിയില്ലാത്ത എല്ലാ സ്ത്രീകള്‍ക്കും ഇത് പരീക്ഷിക്കാവുന്നതാണ്.
തീരെ ഇടമില്ലാത്ത വീട്ടിലും കൂണ് കൃഷിക്ക് ഇടമുണ്ടാക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. തണുപ്പ് ഏറെയുള്ള അന്തരീക്ഷമാണ് കൂണ്‍കൃഷിക്ക് അനുയോജ്യം. റബ്ബര്‍ മരത്തിന്റെ അറക്കപ്പൊടി, വൈക്കോല്‍ ഇവ നിറച്ച പോളിത്തീന്‍ കവറിലാണ് സ്പോണ് (കൂണ്‍വിത്ത് - സംഗതി ഒരുതരം ഫംഗസാണ്) ഇടുന്നത്. നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്തയിടത്ത് തൂക്കിയിടുന്ന ഈ ബഡ്ഡില്‍ 15 ദിവസം കഴിഞ്ഞാല്‍ ആദ്യവിളവ് ലഭിക്കും. പിന്നെ 10 ദിവസം കഴിഞ്ഞാല്‍ അടുത്ത വിളവ് കിട്ടും. അങ്ങനെ നാലുപ്രാവശ്യം ഒരു ബഡ്ഡില്നിന്നും വിളവെടുക്കാം. മേല്‍ത്തരം വിത്ത്, കാലാവസ്ഥ, പരിപാലനം ഇവ കൂടിച്ചേര്‍ന്നാല്‍ ഒരു പോളിത്തീന്‍ കവറില്നിന്നുതന്നെ ഒരു കിലോ കൂണ് ലഭിക്കും. ഒരു കവര്‍ ഒരുക്കാന്‍ ആകെ വേണ്ടത് 25 രൂപയാണ്. പുറം മാര്‍ക്കറ്റില്‍ ഒരു കിലോ കൂണിന് 300 രൂപ വിലയുണ്ട്. ഉത്പാദനം കഴിഞ്ഞാല്‍ കൂണ് വേസ്റ്റ് മണ്ണിരക്കമ്പോസ്റ്റാക്കി മാറ്റാം. വിവിധതരം കൂണുകള്‍ കൃഷി ചെയ്യാമെങ്കിലും ചിപ്പിക്കൂണ്‍ (ഓയിസ്റ്റര്‍) വിഭാഗമാണ് ഷൈജിക്ക് ഇഷ്ടം. ടിഷ്യു കള്‍ച്ചര്‍ വഴിയാണ് സ്പോണ് ഉത്പാദിപ്പിക്കുന്നത്. ഇത് നെല്ലിലേക്കാണ് കയറ്റി വിടുന്നത്. ചോളം, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളിലേക്കും ഇത് കയറ്റാമെങ്കിലും നെല്ലാണ് കൂടുതലായി ഉപയോഗിക്കുന്നത്. എരമല്ലൂര്‍ കുടപുറം റോഡിനു സമീപത്തെ തട്ടാരുപറമ്പില്‍ വീട്ടില്‍ തങ്കച്ചന് പച്ചക്കറിക്കൃഷിയില്‍ കമ്പം പണ്ടേയുണ്ട്. തൊടിയിലും മട്ടുപ്പാവിലും എല്ലാത്തരം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. ഈ താല്പര്യമാണ് ഭാര്യ ഷൈജിയിലേക്കും വ്യാപിച്ചത്. കൂണ് കൃഷി സാര്വ്വത്രികമായിട്ടില്ലാത്തതിനാല് ശ്രദ്ധ കൂടുതല്‍ കൂണ് കൃഷിയിലായി. എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയായ മകള്‍ മരിയയ്ക്കും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ മകന് ആന്റോയ്ക്കും എല്ലാത്തരം കൃഷികളിലും താല്പര്യമുണ്ട്. ഏതായാലും, 'കൂണ്‍ഫ്രഷ്' എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത തട്ടാരുപറമ്പിലെ കൂണ് കൃഷി കാണാന്‍ ഇക്കഴിഞ്ഞ ദിവസം നടന് ശ്രീനിവാസനുമെത്തി. ഷുഗര്‍, കൊളസ്ട്രോള്‍, ക്യാന്‍സര്‍ എന്നിവയ്ക്കെതിരെ ഔഷധമായ കൂണ് രണ്ടുകിലോ ശ്രീനിവാസനും വാങ്ങി. 'പ്രീഡിഗ്രിയും അത്രമോശം ഡിഗ്രിയല്ല അമ്മിണിക്കുട്ടീ' എന്നു പറയുംപോലെ 'കൂണ്‍കൃഷിയും അത്രമോശം കൃഷിയല്ല' എന്ന സര്‍ട്ടിഫിക്കറ്റു നല്‍കിയാണ് ശ്രീനിവാസന് മടങ്ങിയത്.
അല്‍ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
-
ദോഹ: അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിന് വരും
ദിവസങ്ങളില്‍ ശക്തികൂടും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിയോട് കൂടിയ
കാറ്റ് ആഞ്ഞുവീ...
7 വർഷം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ