ആറുമാസത്തിലധികം മഴ കോരിച്ചൊരിയുന്ന കേരളത്തിൽ പച്ചക്കറികൃഷിയുടെ പ്രധാന വില്ലനും മഴയുടെ ആധിക്യമാണ്. നമ്മുടെ കാലാവസ്ഥയുടെ പ്രത്യേകതകൾ മനസ്സിലാക്കി മഴക്കാല കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ വിളവ് ഇരട്ടിയാക്കാം. മഴക്കാലത്ത് മൃദുലമായ തണ്ടുള്ള വളർത്തു ചീരകൾ വളരാൻ മടികാണിക്കും. മഴക്കാലത്ത് മുളച്ചുവരുന്ന പല പച്ചക്കറിച്ചെടികൾക്കും വേണ്ടത്ര കരുത്തുണ്ടാകില്ല.
മഴക്കാലത്തും നല്ലരീതിയിൽ വിതച്ച് കൊയ്യാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
മഴക്കാലത്ത് മണ്ണൊരുക്കുമ്പോൾ വെള്ളം കെട്ടിനിൽക്കാത്ത നീർവാർച്ചയുള്ള സ്ഥലം തിരഞ്ഞെടുക്കുക.
1.കുറച്ചെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലമായാൽ നല്ലത്. മണ്ണൊലിപ്പുണ്ടാകരുത് നമ്മൾ ചേർക്കുന്ന അടിവളവും മേൽമണ്ണും ഒലിച്ചുപോയാൽ ചെടി വളരില്ല.
2.lമഴക്കാലത്ത് വിത്തുകൾ മുളയ്ക്കാൻ പ്രയാസമാണെന്നതാണ് എല്ലാ കർഷകരുടെയും പരാതി. കാരണം അവ നേരിട്ട് മണ്ണിൽ പാകിയാൽ ചീഞ്ഞുപോകും. നേരിട്ട് പാകാതെ മുളപ്പിച്ച് മാറ്റി നടുക. എന്നാൽ വിത്തുകൾ അധിക വെള്ളം കൊണ്ട് ചീഞ്ഞുപോകുന്നത് ഒഴിവാക്കാം.
3.പറിച്ച് മാറ്റി നടുമ്പോൾ തണ്ടിന് ബലം വന്നതിനുശേഷം നല്ല നീർവാർച്ചയുള്ളിടങ്ങളിലേക്ക് പറിച്ച് മാറ്റി നട്ടാൽ മഴത്തുള്ളികൾ കൊണ്ട് തൈകൾ ഒടിഞ്ഞു നശിക്കുന്നത് ഒഴിവാക്കാം. മഴക്കാലത്തിനു മുമ്പേ നട്ടുവലുതാക്കിയ ചെടികൾക്ക് വേരു പൊന്തിപ്പോകാതിരിക്കാൻ അടിയിൽ മണ്ണ് കൂട്ടിക്കൊടുക്കുക.
4.മഴയ്ക്കുമുമ്പേ അടിവളം ചേർത്ത് മണ്ണ് സമ്പുഷ്ടമാക്കിയാൽ മഴക്കാലത്തിടുന്ന വളങ്ങൾ ഒലിച്ചു പോകുന്നത് ഒഴിവാക്കാം.
5.മഴക്കാലത്ത് നട്ടുവളർത്താവുന്നയിനം പച്ചക്കറികൾ തിരഞ്ഞെടുക്കുക. ആനക്കൊമ്പൻ വെണ്ട, നീളൻ വഴുതിന, ഉണ്ടമുളക് എന്നിങ്ങനെ മഴക്കാലത്ത് നല്ല വളർച്ചകാണിക്കുന്ന ഇനങ്ങൾ തിരഞ്ഞെടുക്കുക.
വെള്ളരി, മത്തൻ, കുമ്പളം എന്നിവയിൽ മഴക്കാലത്തും കായ്ക്കുന്ന ഇനങ്ങളുണ്ട് എന്നാൽ മഴക്കാലത്ത് പരാഗണം നടക്കാത്തതിനാലും പൂവുകൾ കൊഴിഞ്ഞു പോകരുന്നതിനാലും അവയിൽ കായകൾ പിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് മഴക്കാലത്തിന്റെ അവസാനം ആയത് നട്ടു വളർത്തുക. അല്ലെങ്കിൽ പണ്ടുകാലത്ത് നാം നട്ടുവളർത്തിയിരുന്ന വെള്ളരി വർഗവിളകളുടെ സംരക്ഷിത വിത്തുകൾ നടാൻ ഉപയോഗിക്കുക.
മുളച്ചു പൊന്തിയ ചേന ചേമ്പ് എന്നിവയുടെ ചുവട്ടിൽ മണ്ണ് കൂട്ടിക്കൊടുക്കുക. മണ്ണൊലിപ്പ് തടയാൻ ചുവട്ടിൽ ചപ്പിലകൊണ്ട് പുതയിടുക. വേരു വേഗം പടരാൻ ഓരോ തടത്തിലും 50 ഗ്രാം ഉപ്പ് ഇട്ടുകൊടുക്കുക.
വഴുതിന, തക്കാളി, മുളക് എന്നിവയുടെ ചെടികൾ മഴകനക്കുന്നതിനുമുമ്പേ വളർത്തി കായ്ഫലമുള്ളതാക്കിയാൽ മഴക്കാലത്ത് കായ പറിക്കാം.
മഴക്കാലത്ത് ചെടികളെ രോഗങ്ങളും കീടങ്ങളും പെട്ടന്ന് ആക്രമിക്കുമെന്നതിനാൽ ജൈവകീടനാശിനികൾ ദിവസവും മാറ്റി മാറ്റി തളിക്കണം. കൃഷിയിടത്തിനടുത്ത് ചെറിയ പ്രാണികൾക്ക് വളരാൻ താവളമൊരുക്കുന്ന കാടുകൾ, കളകൾ എന്നിവ വെട്ടിമാറ്റി കൃഷിയിടവും പരിസരവും വൃത്തിയാക്കിയിടേണ്ടത് അത്യാവശ്യമാണ്.
പന്തലിട്ടുവളർത്തുന്ന കയ്പ, പടവലം, പിച്ചിൽ ചുരങ്ങ എന്നിവയക്ക് നല്ല ഉറപ്പുള്ള പന്തൽ ഇട്ടുകൊടുക്കുക. ഇല്ലെങ്കിൽ മഴയുടെയും കായയുടെയും കനം കൊണ്ട് പന്തൽ പൊട്ടിവീണ് കൃഷി മൊത്തം നശിച്ചുപോകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ