ഈയടുത്ത കാലത്ത് മാത്രം ശ്രദ്ധേയമായ മറ്റൊരു പഴമാണ് മേപ്രാങ്ങ്. മരിയന്‍ പ്ലം, ഗാന്‍ഡിറിയ, കൂണ്‍ഡാങ്ങ് എന്നീ പേരുകളിലും അറിയപ്പെടുന്ന മേപ്രാങ്ങ് ‘ബുയിയാ മാക്രോഫില്ല’ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു. മാമ്പഴവും അമ്പഴവുമൊക്കെ ഉള്‍പ്പെടുന്ന അനാര്‍ക്കേഡിയേസി സസ്യകുടുംബത്തിലെ വളരെയൊന്നും അറിയപ്പെടാത്ത, വളരെ സ്വാദിഷ്ഠമായ ഒരു ഫലവൃക്ഷമാണ് മേപ്രാങ്ങ്. ഏറ്റവും കൂടുതല്‍ ട്രോപ്പിക്കല്‍ ഫലവൃക്ഷങ്ങള്‍ ലോകത്തിനു സമ്മാനിച്ച മലായ് ആര്‍ക്കിപെലാഗോയാണ് മേപ്രാങ്ങിന്‍റെ ജന്മദേശം.
കായ്കള്‍ക്ക് മാമ്പഴത്തോട് സാമ്യമുണ്ടെങ്കിലും വ്യത്യസ്തതകളേറെയാണ്. മുട്ടയുടെ ആകൃതിയില്‍ മഞ്ഞകലര്‍ന്ന നല്ല ഓറഞ്ച് നിറത്തിലുള്ള പഴങ്ങള്‍ കുലകളായി പിടിച്ചുകിടക്കുന്ന മരങ്ങള്‍ കാഴ്ചയ്ക്ക് വളരെ മനോഹരമാണ്. ഈ നിത്യഹരിത വൃക്ഷങ്ങള്‍ 20 മീറ്റര്‍ വരെ ഉയരം വയ്ക്കാറുണ്ട്. പഴങ്ങള്‍ക്ക് ഏകദേശം 70 ഗ്രാം വരെ ഭാരമുണ്ട്. മേപ്രാങ്ങിന്‍റെ തൊലിയുള്‍പ്പെടെ കഴിക്കാവുന്നതാണ്. പഴങ്ങള്‍ക്ക് വളരെ ഹൃദ്യമായ സ്വാദും, നല്ല മധുരവും, ചെറിയ തോതില്‍ സുഗന്ധവുമുണ്ട്. ഒരു കിലോ പഴത്തിന് ഏകദേശം അറുനൂറ് രൂപയോളം വിലവരും. തായലന്റില്‍ മാത്രമാണ് ഇപ്പോള്‍ മേപ്രാങ്ങ് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. ഉഷ്ണമേഖലാ സാഹചര്യമുള്ള കേരളത്തിന്‍റെ പല ഭാഗത്തും മേപ്രാങ്ങ് വളരെ വിജയകരമായി കൃഷി ചെയ്യാവുന്നതാണ്.
കടപ്പാട്:
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ