ശുദ്ധജല മത്സ്യങ്ങളില്‍ കേരളീയര്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഒരു മത്സ്യമാണ് വാകവരാല്‍. എന്നാല്‍, പല കാരണങ്ങള്‍ കൊണ്ടും വാകവരാലിന്റെ ലഭ്യത പ്രശ്‌നമാണ്.
വാല്‍ചിറകില്‍ ഒരു പീലിക്കണ്ണും, മുതുക് ഭാഗത്ത് ഇരുണ്ട തവിട്ട് നിറമോ ചാരനിറം കലര്‍ന്ന പച്ച നിറമോ ആയിരിക്കും വാകവരാലിന്. ശരീരത്തിന്റെ ഇരുഭാഗങ്ങളിലും 5-6 കറുത്ത പൊട്ടുകള്‍ കാണപ്പെടുന്നു. ഈ പൊട്ടുകള്‍ വാല്‍ചിറകിലും ഏനല്‍ ചിറകിലും വെളുത്തതായിരിക്കും. ജീവിക്കുന്ന പരിസരം അനുസരിച്ച് നേരിയ നിറവ്യത്യാസം- ഈ സ്വഭാവ വിശേഷങ്ങള്‍ വാകവരാലിനു സ്വന്തം.
വരാലുകള്‍ 5 തരം
1.സാധാരണ വരാല്‍
2.ചേറുമീന്‍
3.പുള്ളിവരാല്‍
4.വട്ടാന്‍ (വട്ടൂന്‍)
5.വാകവരാല്‍ എന്നിവയാണവ. ഇവയില്‍ ഏറ്റവും വലുതും അപൂര്‍വ്വവും വാകവരാലാണ്. സാധാരണ വരാല്‍ 90 സെ.മീ വളരുമ്പോള്‍ വാകവരാല്‍ 120 സെ.മീ. വരെ വളരുന്നു; 8-10 കിലോഗ്രാം തൂക്കവും വയ്ക്കും. വാകവരാല്‍ ഒരു മാംസഭുക്കാണ്. മത്സ്യങ്ങള്‍, തവളക്കുഞ്ഞുങ്ങള്‍, ജലഷഡ്പദങ്ങള്‍, ഒച്ചുകള്‍, കൂത്താടികള്‍, മത്സ്യമുട്ടകള്‍ മുതലായവയാണ് പ്രധാനാഹാരം. ഒരു വര്‍ഷം കഴിയുമ്പോള്‍ പ്രായപൂര്‍ത്തിയാകുന്നു. ആണ്‍-പെണ്‍ വ്യത്യാസമുണ്ട്.
വാകവരാല്‍ കൃഷി :-
മറ്റു വരാലുകളെ അപേക്ഷിച്ച് വാകവരാലിന്റെ വലിപ്പക്കൂടുതല്‍, രുചിരാജന്‍ എന്ന കല്‍പിതപദവി, ഉന്നത പോഷകമൂല്യം, വിശിഷ്യാ, ഉയര്‍ന്ന അളവിലുള്ള മാംസ്യസാന്നിദ്ധ്യം, സാമ്പത്തിക മേന്മ, പ്രേരിതപ്രജനനം വഴി കുഞ്ഞുത്പാദനം സാധ്യമാക്കുമെന്ന കണ്ടുപിടുത്തം എന്നീ കാരണങ്ങളാല്‍ വരാല്‍ കൃഷി ആകര്‍ഷണീയമായി തീര്‍ന്നിരിക്കുന്നു. തമ്മില്‍ ഭക്ഷിക്കുന്ന ശീലം, പ്രത്യേക ആഹാരശീലം, മത്സ്യകുഞ്ഞു ലഭ്യതാ പ്രശ്‌നങ്ങള്‍ മുതലായവയാല്‍ വാകവരാല്‍ കൃഷി വ്യാപകമല്ല. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആണെങ്കില്‍ പോലും ഹോര്‍മോണ്‍
കുത്തിവച്ച് പ്രേരിതപ്രജനനം നടത്തി വരാലിനെ മുട്ടയിടീക്കാം എന്ന് തെളിയിച്ചതോടെ ദീര്‍ഘനാളായി വരാല്‍ കൃഷിക്കായി കൊതിച്ചിരുന്ന കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നു.
ശിശുപരിപാലനം ഉള്ള ഈ മത്സ്യം മാര്‍ച്ച് മുതല്‍ ജൂണ്‍മാസം വരെയും, ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ മാസം വരെയും ഇണചേരുന്നു. ഒരാണിന് ഒരു പെണ്‍ എന്ന തോതില്‍ ഇണ ചേരുന്നതിന് മുന്നോടിയായി അനുയോജ്യമായതും ജലസസ്യങ്ങള്‍ നിറഞ്ഞതുമായ ഒരു പ്രദേശം തെരഞ്ഞെടുത്ത് അവിടെ ജലസസ്യങ്ങളുടെ ഇടയില്‍ പായലുകള്‍, ജലസസ്യങ്ങള്‍ മുതലായവ ഉപയോഗിച്ച് ഒരു കൂടുണ്ടാക്കുന്നു.
ഈ കൂട്ടിലാണ് പെണ്‍ മത്സ്യം മുട്ടയിടുന്നത്. അതോടൊപ്പം തന്നെ ആണ്‍ മത്സ്യം മുട്ടയിലേക്കു ബീജസ്രവണം നടത്തി അവയില്‍ ബീജസങ്കലനം നടത്തുന്നു- ഇങ്ങനെ 500 മുട്ടകള്‍ വരെ പെണ്‍മത്സ്യം കൂട്ടില്‍ നിക്ഷേപിക്കുന്നു.
മാതാപിതാക്കള്‍ മുട്ടയ്ക്കു കാവല്‍ നില്‍ക്കുന്നു. 2-4 ദിവസം കൊണ്ട് ബീജസങ്കലനം നടന്ന മുട്ടകള്‍ വിരിഞ്ഞ് സ്വര്‍ണ്ണവര്‍ണ്ണവും കടും ചുവപ്പും കലര്‍ന്ന നിറമുള്ള കുഞ്ഞുങ്ങള്‍ പുറത്തു വരുന്നു. കുഞ്ഞുങ്ങളൊടൊപ്പം അകമ്പടിസേവിച്ചും സംരക്ഷിച്ചും കൊണ്ട് മാതാപിതാക്കള്‍ അവരെ 10 സെ.മീ ആകും വരെ പരിപാലിക്കുന്നു. അപ്പോള്‍ കുഞ്ഞുങ്ങള്‍ ജലോപരിതലത്തില്‍ നിന്നും ചെറുമത്സ്യങ്ങള്‍, മത്സ്യമുട്ടകള്‍, വാല്‍മാക്രി, കൂത്താടികള്‍, ജലഷഡ്പദങ്ങള്‍, ലാര്‍വകള്‍ എന്നിവ ഭക്ഷിക്കുന്നു.
ക്രമേണ അവ സ്വതന്ത്രമാകുന്നു. വളരുംതോറും സ്വര്‍ണ്ണവര്‍ണ്ണം കുറഞ്ഞുകുറഞ്ഞ് ശരീരത്തില്‍ കറുപ്പു നിറം വ്യാപിക്കുകയും 25 സെ.മീ. വലിപ്പമാകുമ്പോള്‍ പാര്‍ശ്വഭാഗത്തില്‍ വീതിയില്‍ നെടുനീളത്തില്‍ ഒരു സ്വര്‍ണ്ണവര മാത്രം അവശേഷിക്കുകയും ചെയ്യുന്നു.
മേയ്-ജൂണ്‍ മാസങ്ങളിലും ഡിസംബറിലും കുളങ്ങളിലോ മറ്റോ നിന്ന് 10 സെ.മീ.വളര്‍ച്ചയെത്തിയ കുഞ്ഞുങ്ങളെ ശേഖരിച്ച് വളര്‍ത്തുകുളത്തില്‍ നിക്ഷേപിച്ചു വളര്‍ത്താം. വാലിലെ മയില്‍പ്പീലി കണ്ണുനോക്കി വാകവരാല്‍ കുഞ്ഞുങ്ങളെ തിരിച്ചറിയാം.
സ്റ്റോക്കിംഗിന് ഒന്നുരണ്ടു മാസം മുന്‍പ് വരാല്‍ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന കുളത്തില്‍ (വിസ്തൃതി, കുഞ്ഞുങ്ങളുടെ എണ്ണം ഇവ കണക്കാക്കി) ഏതാനും ജോഡി തിലാപിയയെ വിടുക. അവ വളര്‍ന്ന് മുട്ടയിട്ട് കുളത്തില്‍ തിലാപിയ കുഞ്ഞുങ്ങള്‍ നിറയുന്നു.
അപ്പോള്‍ ഒരു സെന്റിന് 60-80 വരാല്‍ കുഞ്ഞുങ്ങളെ ഈ കണക്കില്‍ കുളത്തില്‍ വിടുക. അവയ്ക്ക് തിലാപിയ കുഞ്ഞുങ്ങളെ കഴിച്ചുവളരാം. കുളത്തിന് വളരെ കൂടുതല്‍ ആഴംവേണ്ട, 75 സെ.മീ- 90 സെ.മീ മതി.
ആദ്യഘട്ടത്തില്‍ കുഞ്ഞുങ്ങള്‍ക്ക് കൊതുകു കൂത്താടികള്‍, മത്സ്യപ്പൊടി (ഊപ്പമീന്‍, ചെറുമത്സ്യങ്ങള്‍, കക്ക ഇറച്ചി തുടങ്ങിയവ ഉപ്പില്ലാതെ ഉണക്കിപ്പൊടിച്ചത്) ചെമ്മീന്‍ പൊടി, മണ്ണിരനുറുക്ക്, ഇവയില്‍ ചിലത് സൗകര്യാനുസൃതം നല്‍കാം. തീറ്റയോടൊപ്പം അമിനോമിന്‍/അഗ്രിമിന്‍/കാല്‍സിമിന്‍-ഡി ഇവയില്‍ ഏതെങ്കിലും ഒന്ന് ഒരു ടീസ്പൂണ്‍ വരെ ചേര്‍ത്തു നല്‍കാം.
വളരുന്ന മുറയ്ക്ക് മത്സ്യങ്ങള്‍, ചെറുതവളകള്‍, ഒച്ചുകള്‍, പട്ടുനൂല്‍പുഴു, കക്ക ഇറച്ചി, ഉപ്പില്ലാത്ത ഉണക്കമത്സ്യം, ചെറിയതോതില്‍ കോഴിക്കുടല്‍ എന്നിവ നല്‍കാം. ഒരു സെന്റ് കുളത്തിലേക്ക് 100-200 ഗ്രാം തീറ്റ വരെ നല്‍കാം.
ജീവനുള്ള ഇരയാണ് ഇതിനിഷ്ടം. ആകയാല്‍ ഗപ്പികുഞ്ഞുങ്ങള്‍, ഊപ്പമീന്‍, കൊതുകുകൂത്താടി എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തുക. ഗപ്പി, കൂത്താടി, തിലാപിയകുഞ്ഞുങ്ങള്‍ ഇവ മറ്റൊരു കുളത്തില്‍ കൃഷി ചെയ്തും മറ്റൊരു ഊപ്പമീന്‍ സമീപജലാശയത്തില്‍ നിന്നും ശേഖരിച്ചും നല്‍കാം.
മഴക്കാലത്ത് അടുത്ത കുളത്തിലേക്കു രക്ഷപ്പെടാതിരിക്കാന്‍ വല കൊണ്ട് മൂടുക.
ആറുമാസത്തോളം തീറ്റനല്‍കി 7-8 മാസം പ്രായമാകുമ്പോള്‍ വിളവെടുക്കാം. ചേറില്‍ ഒളിച്ചിരിക്കുന്ന സ്വഭാവമുള്ളതിനാല്‍ വെള്ളം വറ്റിച്ചു പിടിക്കുന്നതാണ് മുഴുവന്‍ വരാലും കിട്ടാന്‍ മാര്‍ഗം. അന്തരീക്ഷവായുവും ശ്വസിക്കുന്നതിനാല്‍ വെള്ളം അല്പം മലിനമായാലും പ്രശ്‌നമില്ല.
പരിപാലന മുറകള്‍ക്കനുസൃതമായി, ഒരു ഹെക്ടറില്‍ നിന്നും 4 ടണ്‍ വരെ വിളവ് കിട്ടുന്നു.
[Courtesy: shaju poulose, saife agri group]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ