നമ്മളെന്തിന് ഇനിയും ചിന്തിച്ചിരിക്കണം....
അവസരം നമ്മുടെ മുന്നിലുണ്ട്. കൊറോണ കഴിഞ്ഞാൽ ക്ഷാമവും മാന്ദ്യവുമാണെന്ന് എല്ലാവരും പറയുന്നു, അങ്ങിനെ ആവാതിരിക്കട്ടെ.....
ഇടവമാസം പകുതിയായിട്ടില്ല.
ഇനിയും സമയമുണ്ട്.
വേനൽമഴ ഇടക്കിടക്ക് പെയ്യുന്നുണ്ട്.
മണ്ണ് കുതിർന്നു കിടക്കുകയാണ്. തടമെടുത്തും കുഴി കുഴിച്ചും കിട്ടാവുന്നതെല്ലാം നടാൻ തുടങ്ങാം.
കിഴങ്ങുകൾ കാച്ചിൽ
ചേന
ചേമ്പ്
ചക്കര ചേമ്പ് ചെറുകിഴങ്ങ്
മധുരക്കിഴങ്ങ്
കപ്പ
മണ്ണിലോ ചാക്കിലോ ടിന്നിലോ എന്തിലും ഇവയൊക്കെ നടാം.
ചാണകമില്ല
ചാരമില്ല
കമ്പോസ്റ്റില്ല എന്നൊന്നും ആരും പറയണ്ട...
ഇതൊന്നും ഇല്ലെങ്കിലും കിട്ടുന്നതെന്തോ അതു നടുക..
മുള്ളൻപന്നിവരും,
കുരങ്ങു വരും, പക്ഷി തിന്നും, എന്നൊന്നും പറഞ്ഞ് നടാതിരിക്കേണ്ട.
പുഴു തിന്നുന്നു പ്രാണി വരുന്നു അതൊന്നും ഇപ്പോൾ പറയേണ്ട . അതപ്പോൾനോക്കാം.
എന്റെ മണ്ണ് ഒന്നിനും പറ്റൂല....എന്താല്ലേ കുറ്റം.....!
തിന്നാനുള്ള ഇഞ്ചിയും മഞ്ഞളും
ഇപ്പോൾ നടണം. അത് ചാക്കിലോ പാട്ടയിലോ പഴയപാത്രങ്ങളിലോ
ചട്ടിയിലോ അല്ലെങ്കിൽ നേരിട്ട് മണ്ണിലോ ആകാം.
ഈ വർഷം അഞ്ച് പപ്പായ തൈ എങ്കിലും നടണം. വിത്ത് പാകി മുളപ്പിക്കാം. കാന്താരിമുളകും കൊമ്പൻമുളകും
10 എണ്ണം വീതമെങ്കിലും നടണം.
ഒന്നോ രണ്ടോ മുരിങ്ങകമ്പ് അല്ലെങ്കിൽ തൈ
രണ്ടോ മൂന്നോ സ്ഥലത്ത് കോവൽ വള്ളികൾ
ഒഴിവുള്ള മരത്തിൻ്റെ ചുവട്ടിലെല്ലാം മത്തൻ
കുമ്പളം വിത്തുകൾ
ആകാശവെള്ളരി ഫാഷൻ ഫ്രൂട്ട് വള്ളികൾ എന്നിവയുംനട്ടു കൊടുക്കണം. സ്ഥലം ഉണ്ടെങ്കിൽ ഒരു മുന്തിരി വള്ളിയും
മല്ലിച്ചപ്പും പൊതിനയും
കെട്ടി തൂക്കിയ കുപ്പിയിലോ ചട്ടിയിലോ നടാം. തുവരപ്പരിപ്പിൻ്റെ ഒരു ചെടിയെങ്കിലും നടാൻ പറ്റുമോയെന്നു നോക്കണം.
പച്ചക്ക് പറിച്ച് സാമ്പാറിലിടാം.
ഒരു സ്പൂൺ കടുക്പാകാനുള്ള ഇടം കണ്ടെത്തണം. അതും ചട്ടിയിൽ പാകാം.
പിന്നെ ചീരവർഗ്ഗങ്ങൾ പച്ചചീരയും ചുവന്നചീരയും വഷളനും
ചുകന്ന മഷിത്തണ്ടനും പച്ചമഷിത്തണ്ടന്നും ചെക്രു മാനീസും എല്ലാം വേണം.
ചീരവിത്തുകൾ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞാൽ മതി.
ഒരുപ്പേരിയ്ക്കുള്ളത് എന്നും കിട്ടും. ചേനയും ചേമ്പും നട്ട സ്ഥലത്തു തന്നെ പയറും ബീൻസും നടാം.
ഒരു വാഴകന്നു നടാനും പ്രയാസമില്ല....
അരി കഴുകുന്നവെള്ളവും മീൻ കഴുകുന്ന വെള്ളവും ബാക്കി വരുന്ന കഞ്ഞി വെള്ളവും അവർക്ക് നൽകാം, നമ്മുടെ ആവശ്യം കഴിഞ്ഞ പച്ചക്കറിയും പഴത്തൊലിയും നല്ല സൂപ്പർ വളം തന്നെ.
മൂന്നു തരം ഉള്ളിയുടെ തൊലിയും ബാക്കിയും നമ്മുടെ മുളകിനും വഴുതന, തക്കാളി, വെണ്ട എന്നിവക്ക് ദിവസേനെ ഓരോരുത്തർക്കും നൽകാം, അവ നമ്മുടെ ചെടികളുടെ ശത്രുക്കളെ അകറ്റും.
പാൽഎടുത്ത ശേഷം കവർ മൂന്ന് ഭാഗവും കീറി ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ കഴുകി ഒരു കമ്പിയിൽ തൂക്കിയിടുക, കവർ കഴുകിയ വെള്ളം മുളകിന്റെയോ വഴുതനയുടെയോ തലയിൽ കൂടി ഒഴിക്കുക, നമ്മുടെ ബാക്കി വരുന്ന ഭക്ഷണം വെയ്സ്റ്റ് അല്ല, ആരാന്റെ പറമ്പിലും റോട്ടിലും എറിയാനുള്ളതെല്ല നമ്മുടെ ചേമ്പും ചേനയും അത് കാത്തിരിക്കുകയാണ്.
അഞ്ചു സെൻ്റു സ്ഥലമുണ്ടെങ്കിൽ ഇതെല്ലാം സാധ്യമാകുമെന്നാണ് എനിക്കു തോന്നുന്നത്.
വാടക വീട്ടിലായാലും ഫ്ലാറ്റിലായാലും ഇതൊക്കെ നടാം. ടെറസ്സും മുറ്റവും വരാന്തയും നടവഴികളും അതിരുകളും മതിലുകളുമെല്ലാം നമ്മുടെ കൃഷിത്തോട്ടമായി മാറണം.
ഇലകളും കായ്കളും കിഴങ്ങുകളും പഴങ്ങളുമെല്ലാം
വരാനിരിക്കുന്ന ദുരിതകാലത്ത്
ഒരു നേരത്തെ വിശപ്പടക്കാനുള്ള വിശിഷ്ട ഭോജ്യങ്ങളായി മാറണം.
അടങ്ങാത്ത വിശപ്പ് ഏത് മഹാമാരിയേക്കാൾ മാരകവും ഭയാനകവുമാണെന്ന് നാംതിരിച്ചറിയണം.അതിന് ഭക്ഷണം വേണം അതും തൊട്ടടുത്ത്... ആരെയുംആശ്രയിക്കാതെ.. കയ്യെത്താവുന്ന അകലത്തിൽ ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ