കാർഷികോൽപന്ന കമ്പനികൾ, സഹകരണ സ്‌ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയൊക്കെ കൂടുതൽ പ്രഫഷനലിസം കൈവരിക്കുന്ന കാലമാണിത്. റൂറൽ മാനേജ്മെന്റ് പഠനത്തിന്റെ പ്രസക്തിയും അതുകൊണ്ടു തന്നെ വർധിക്കുന്നു. ഇന്ത്യൻ മണ്ണിൽ കാലൂന്നിയുള്ള മാനേജ്മെന്റ് പഠന രംഗത്തെ ഒന്നാം പേരാണ് ‘ഇർമ’; ഗുജറാത്തിലുള്ള ‘ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെന്റ് ആനന്ദ്’. റൂറൽ മാനേജ്മെന്റ് പഠനത്തിൽ അഭിരുചിയും ആവേശവും തോന്നുന്നുവെങ്കിൽ ഇർമയിലെ പിജി ഡിപ്ലോമ ഇൻ റൂറൽ മാനേജ്മെന്റ് കോഴ്സിലേക്ക് ഒക്ടോബർ ഒന്നുമുതൽ അപേക്ഷിക്കാം. അവസാന തീയതി: ഡിസംബർ 23
മുൻനിര ബിസിനസ് സ്കൂൾ നിലവാരം കാത്തുസൂക്ഷിക്കുന്ന ഇവിടെ ക്യാറ്റ് 2016 / സാറ്റ് 2017 സ്കോറുകളുടെ അടിസ്ഥാനത്തിലാണു പ്രവേശനം. എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയിലൂടെയാണു തിരഞ്ഞെടുപ്പ്. കഴിഞ്ഞ ബാച്ചിൽ പ്രവേശനം നേടിയവരിൽ 66.3 % വിദ്യാർഥികളും എൻജിനീയറിങ് ബിരുദധാരികളാണ്. കൊമേഴ്സ് സ്ട്രീമിൽനിന്നുള്ളവർ 11.9 ശതമാനവും.
ഗ്രാമങ്ങളിലെ ഫീൽഡ്‌വർക്കാണ് ഇർമയിലെ ഏറ്റവും വിലപ്പെട്ട അനുഭവം. ഗ്രാമങ്ങളിലെ കൃഷി വിപണനരീതികൾ വരെ പഠിക്കുകയും നടപ്പാക്കാവുന്ന പ്രഫഷനൽ മാറ്റങ്ങൾ നിർദേശിക്കുകയും ചെയ്യുന്നു വിദ്യാർഥികൾ. പഠനത്തിനൊടുവിൽ മികച്ച പ്ലേസ്മെന്റ് ഓഫറുകളും ഉറപ്പ്. നിയമനം നടത്തുന്ന കമ്പനികളുടെ പട്ടികയിൽ പ്രൈസ്‌വാട്ടർ ഹൗസ് കൂപ്പേഴ്സ് മുതൽ കേരളത്തിലെ നാളികേര വികസന ബോർഡ് വരെ വൈവിധ്യമാർന്ന പേരുകളുള്ളതു തന്നെ ഇർമ മുന്നോട്ടുവയ്ക്കുന്ന കരിയർ സാധ്യതകൾക്കു തെളിവാകുന്നു. വിശദവിവരങ്ങൾക്കായി കാത്തിരിക്കുക: www.irma.ac.in
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ